Site icon Fourteen Kerala – 14 Kerala News

ഇഡിയെ കൊണ്ടുനടക്കുന്നത് ബിജെപി മാത്രമല്ല കോൺഗ്രസ് കൂടിയാണ്’; മാസപ്പടി കേസ് റെയ്‌ഡിൽ നിഖിലിന് രാഷ്ട്രീയ പിന്തുണ നൽകുമെന്ന് സിപിഎം നേതൃത്വം

കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി. നിഖിലിന് രാഷ്ട്രീയ പിന്തുണ നൽകുമെന്ന് സിപിഎം ജില്ലാ നേതൃത്വം. നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്ഡ് ആണെന്നും നിഖിലിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ് പറഞ്ഞു.

ഇഡി പരിശോധന നടക്കുന്നതിനിടെ നിഖിലിന്റെ ഫ്ലാറ്റിൽ എത്തിയാണ് മെഹബൂബ് പ്രതികരിച്ചത്. നിഖിലുമായി സംസാരിച്ചതായും അദ്ദേഹത്തെ ഇഡി ചോദ്യം ചെയ്യുകയാണെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. “ഇഡിയെ കൊണ്ടുനടക്കുന്നത് ഇപ്പോൾ ബിജെപി മാത്രമല്ല, കോൺഗ്രസ് കൂടിയാണ്” എന്നും എം. മെഹബൂബ് കൂട്ടിച്ചേർത്തു.

അതേസമയം മാസപ്പടി കേസിലെ അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളിലേക്കും വ്യാപിപ്പിക്കുകയാണ് ഇഡി. ഡിടിപിസി ഡെസ്റ്റിനേഷൻ കോഓർഡിനേറ്റർ നന്ദുലാൽ, സിപിഎം സെക്രട്ടറിയേറ്റ് അംഗവും സൊലൈസ് കമ്പനി ഉടമയുമായ നിഖിൽ, ഷൈജൽ, ഫൈജാസ് എന്നിവരുടെ വീടുകളിലും ഇഡി പരിശോധന നടത്തിവരികയാണ്. ഇതിന് പുറമെ സ്ഥാപനങ്ങളിലും വ്യാപകമായി റെയ്ഡ് നടത്തുന്നുണ്ട്.

എക്സാലോജിക്കിൽ നിന്ന് പണം പുറത്തേക്ക് പോയതിലാണ് അന്വേഷണം നടക്കുന്നതെന്ന് ഇഡി വൃത്തങ്ങൾ പറയുന്നു.നിഖിൽ ഡിവൈഎഫ്ഐയുടെ മുൻ ജില്ലാ സെക്രട്ടറിയായിരുന്നു. നിലവിൽ സൊലൈസ് എന്ന കമ്പനിയുടെ ഉടമയായി ബിസിനസ് ചെയ്തുവരികയാണ്.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ ഡയറിയിൽ നിന്നാണ് നിഖിലിന്റെ വിവരങ്ങൾ ഇഡിക്ക് ലഭിച്ചതെന്നാണ് റിപ്പോർട്ട്. നിഖിലിന് പുറമേ മറ്റ് മൂന്ന് പേരുടെ വിവരങ്ങളും ഡയറിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇവർ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളാണെന്നാണ് വീണ നൽകിയ മൊഴി.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവരുടെ വീടുകളിൽ ഇഡി പരിശോധന നടത്തുന്നത്.നിഖിലിന്റെ ഫറോഖ് കരുവൻ തുരുത്തിയിലെ തറവാട് വീട്ടിലും ഇഡി പരിശോധന നടത്തി. കോഴിക്കോട് അടക്കം എട്ട് ഇടങ്ങളിൽ ഇഡിയുടെ പരിശോധന തുടരുകയാണ്. ഇത് മൂന്നാം തവണയാണ് ഇഡി ഈ കേസിൽ വ്യാപക പരിശോധന നടത്തുന്നത്. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കോഴിക്കോട് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.

Exit mobile version