തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.ബിജെപിയുടെ കൊടിമരത്തോടൊപ്പം ദേശീയ പതാകയും കെട്ടിയിടുകയും, സൂര്യാസ്തമയത്തിന് ശേഷവും അത് നീക്കം ചെയ്യാതിരിക്കുകയും ചെയ്തുവെന്നാണ് പരാതി.
കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.ദേശീയ ചിഹ്നങ്ങളെയും ദേശീയ പതാകയെയും അനാദരിച്ചതിനുള്ള പ്രസക്ത വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപനത്തിന്റെ പേരിൽ സോണിയ ഗാന്ധിക്കെതിരെ ബിജെപി ആരോപണവുമായി രംഗത്തെത്തിയിരുന്നു . ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സംഭവം. വന്ദേമാതരം മുഴുവനായും ആലപിച്ചപ്പോൾ സോണിയ ഗാന്ധി തടസ്സപ്പെടുത്തിയെന്നാണ് ബിജെപിയുടെ ആരോപണം. കോൺഗ്രസ് ദേശീയ ഗീതത്തെ അപമാനിച്ചുവെന്നും ബിജെപി കുറ്റപ്പെടുത്തി.
ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിക്കേണ്ട എന്നതാണ് കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാട്. എന്നാൽ ഈ നിലപാടിന് വിരുദ്ധമായി ഇത്തവണ മുഴുവൻ വരികളും പാടി. സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഇടപെടാൻ ശ്രമിച്ചെങ്കിലും ഗാനം മുഴുവൻ പാടിത്തീർക്കുകയായിരുന്നു.
സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ വിശദീകരണവുമായി രംഗത്തെത്തി. സംഘാടക തലത്തിലെ വീഴ്ചയാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നാണ് കോൺഗ്രസിന്റെ നിലപാട്. എന്നാൽ മുഴുവൻ ആലപിച്ചതിനെ ന്യായീകരിക്കുകയും ചെയ്തു. വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമാണ് പാർട്ടി പരിപാടികളിൽ പാടുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പവൻ ഖേര പറഞ്ഞു.
