കൊല്ലം: അധ്യാപകരുടെ മാനസിക പീഡനത്തെത്തുടർന്ന് ഓച്ചിറയിലെ സ്വകാര്യ നഴ്സിങ് കോളജിലെ രണ്ടാം വർഷ ബിഎസ്‌സി നഴ്സിങ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ നാല് അധ്യാപകർക്ക് സസ്പെൻഷൻ. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി അഹമ്മദ് നജാദാണ് മരിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് വീട്ടിൽ അഹമ്മദ് നജാദിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മാർക്ക് കുറഞ്ഞതിന്റെ പേരിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചു എന്നാണ് ബന്ധുക്കളുടെ ആരോപണം.
കഴിഞ്ഞ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ പിന്നാലെ തുടർന്നുള്ള പരീക്ഷകൾ എഴുതാൻ അനുവദിച്ചില്ലെന്നും വീട്ടുകാർ പറയുന്നു. ഇതിൽ മനംനൊന്താണ് നജാദ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തി. കോളേജിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെ എസ്എഫ്ഐ നേതാക്കളും കോളേജ് അധികൃതരും തമ്മിൽ ചർച്ച നടന്നു.
ചർച്ചയ്ക്ക് ഒടുവിൽ ആരോപണം ഉന്നയിക്കപ്പെട്ട 4 അധ്യാപകരെ സസ്പെൻഡ് ചെയ്തതായി കോളേജ് അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
