Site icon Fourteen Kerala – 14 Kerala News

മാതേരാൻ മലഞ്ചെരുവിൽ കുടുങ്ങിയ ദമ്പതികൾക്ക് രക്ഷകരായി വടകര സ്വദേശി വിഷ്ണുവും കൂട്ടുകാരും

വടകര: മഹാരാഷ്ട്രയിലെ മാതേരാൻ ഹിൽ റേഞ്ചിലുള്ള പെബ് ഫോർട്ടിന് സമീപമുള്ള കുത്തനെയുള്ള മലഞ്ചെരുവിൽ അപകടത്തിൽപ്പെട്ട ദമ്പതികൾക്ക് രക്ഷകരായി മലബാറിൽ നിന്നുള്ള യുവാക്കളുടെ സംഘം. വടകര കൈനാട്ടി സ്വദേശി വിഷ്ണുവും സുഹൃത്തുക്കളുമാണ് സാഹസികമായി ദമ്പതികളെ രക്ഷപ്പെടുത്തി മാതൃകയായത്.

മാതേരാൻ ഹിൽസിലെത്തിയ ദമ്പതികളുടെ കൈവശമുണ്ടായിരുന്ന ബാഗ് ഒരു കുരങ്ങൻ തട്ടിപ്പറിച്ച് താഴേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഭാര്യയെ മുകളിൽ നിർത്തി ഭർത്താവ് ബാഗ് എടുക്കാനായി കുത്തനെയുള്ള മലഞ്ചെരുവിലേക്ക് ഇറങ്ങി. എന്നാൽ താഴേക്ക് ഇറങ്ങിയ വ്യക്തിക്ക് പിന്നീട് തിരികെ മുകളിലേക്ക് കയറാൻ സാധിക്കാതെ കുടുങ്ങിപ്പോകുകയായിരുന്നു. ഭർത്താവ് അപകടത്തിൽപ്പെട്ടതോടെ ഭയം കൊണ്ട് ഭാര്യ നിലവിളിക്കാൻ തുടങ്ങി.

ഈ സമയം അവിടെയെത്തിയ വിഷ്ണുവും സംഘവും സമയോചിതമായി ഇടപെടുകയും ജീവൻ പോലും തകരാറിലാകുന്ന സാഹസിക പരിശ്രമത്തിലൂടെ യുവാവിനെ സുരക്ഷിതമായി മുകളിലേക്ക് കയറ്റി എത്തിക്കുകയുമായിരുന്നു. വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ദമ്പതികൾ വിഷ്ണുവിനും സംഘത്തിനും നന്ദി അറിയിച്ചാണ് അവിടെ നിന്നും യാത്ര തുടർന്നത്.

വടകര കൈനാട്ടി സ്വദേശിയായ വിഷ്ണുവും സുഹൃത്തുക്കളും ഇടയ്ക്കിടെ ഇത്തരം സാഹസിക യാത്രകൾ നടത്തുന്നവരാണ്. വടകരയിൽ നിന്ന് പനവേൽ വരെ ട്രെയിനിലും, തുടർന്ന് മറ്റ് വാഹനങ്ങളിലുമാണ് ഇവർ മാതേരാൻ മലനിരകളുടെ താഴെ എത്തിയത്. സി.കെ. ജിജിൽ (പെരിന്തൽമണ്ണ), പ്രണവ് (പേരാമ്പ്ര), ജിതിൻ (പേരാമ്പ്ര), ഹനീൻ (ബാലുശ്ശേരി), അദ്വൈത് (കൈനാട്ടി), അഖിൽ (കൈനാട്ടി) എന്നിവരടങ്ങുന്ന സംഘമാണ് വിഷ്ണുവിനൊപ്പം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ഇവർ നടത്തുന്ന പതിവ് യാത്രകളാണ് അടിയന്തര സാഹചര്യത്തിൽ ധൈര്യത്തോടെ രക്ഷാപ്രവർത്തനം നടത്താൻ ഇവർക്ക് മനോബലം നൽകിയത്.

വടകര അഴിയൂർ കെ.എസ്.ഇ.ബി ജീവനക്കാരനായ പ്രദീപന്റെയും പ്രജിതയുടെയും മകനാണ് വിഷ്ണു. കാർഗിൽ യുദ്ധകാലത്ത് ജമ്മു കാശ്മീരിൽ ഭാരതത്തിന് വേണ്ടി വീരമൃത്യു വരിച്ച പ്രമോദ് വിഷ്ണുവിന്റെ പിതാവിന്റെ സഹോദരനാണ്. സംഘത്തിലുണ്ടായിരുന്ന കൈനാട്ടി സ്വദേശി അഖിൽ, രാജേന്ദ്രൻ-ശോഭ ദമ്പതികളുടെ മകനാണ്. കൈനാട്ടി സ്വദേശിയായ അദ്വൈത്, സജീവൻ-സവിത ദമ്പതികളുടെ മകനുമാണ്.

മഹാരാഷ്ട്രയിലെ കുത്തനെയുള്ള മലഞ്ചെരുവിൽ വെച്ച് ധീരമായ പ്രവർത്തനം നടത്തിയ ഈ യുവാക്കൾക്ക് നാട്ടുകാരും വീട്ടുകാരും സുഹൃത്തുക്കളും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടിരിക്കുകയാണ്.

Exit mobile version