കോട്ടയം: ഒരിടവേളയ്ക്ക് ശേഷം വിപണിയിൽ വെളിച്ചെണ്ണ വില വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ ശനിയാഴ്ച കിലോയ്ക്ക് 260-278 രൂപ വരെയായിരുന്ന വെളിച്ചെണ്ണ വില തിങ്കളാഴ്ചയോടെ 300 രൂപ കടന്നു. വിപണിയിൽ മൊത്തവില കിലോയ്ക്ക് 293 രൂപയാണെങ്കിലും റീട്ടെയിൽ കടകളിൽ 10 രൂപയോളം കൂട്ടിയാണ് ചില്ലറ വില്പന നടക്കുന്നത്.
കടുത്ത മഴയെത്തുടർന്ന് തേങ്ങയുടെയും കൊപ്രയുടെയും വില ഉയർന്നതാണ് പ്രധാന കാരണം. തൊണ്ടുനീക്കിയ തേങ്ങയുടെ വില കിലോയ്ക്ക് 45 രൂപയിൽ നിന്ന് 75 രൂപയായും, കൊപ്ര വില കിലോയ്ക്ക് 160 രൂപയായും ഉയർന്നു. പ്രമുഖ വെളിച്ചെണ്ണ വിപണിയായ തമിഴ്‌നാട്ടിലെ കാങ്കയത്ത് മില്ലുകൾ സംഘടിതമായി ചരക്ക് പിടിച്ചുവെച്ച് വില കൂട്ടാൻ ശ്രമിച്ചതും വിപണിയെ സ്വാധീനിച്ചു.
തേങ്ങയ്ക്കും കൊപ്രയ്ക്കും വിപണിയിൽ കാര്യമായ ക്ഷാമമില്ലെന്ന് ഒരുവിഭാഗം വ്യാപാരികൾ പറയുന്നുണ്ട്. നിലവിൽ പാമോയിലിന് വില കൂടാത്ത സാഹചര്യത്തിൽ, വെളിച്ചെണ്ണയ്ക്ക് വില കൂടിയത് ഇതിന്റെ വിപണിയെ ദോഷകരമായി ബാധിച്ചേക്കുമെന്നും വിലയിരുത്തലുണ്ട്.
കഴിഞ്ഞ ജൂലൈയിൽ കൊപ്രവില കുറഞ്ഞപ്പോൾ പൊതുമേഖലാ സ്ഥാപനമായ കേരഫെഡ് വെളിച്ചെണ്ണ വില കുറച്ചിരുന്നു (ലിറ്ററിന് 332 രൂപയിൽ നിന്ന് 299 രൂപയാക്കി). ആവശ്യത്തിന് കൊപ്ര ശേഖരമുള്ളതിനാൽ ഇപ്പോൾ വില കൂട്ടാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേരഫെഡ് അധികൃതർ വ്യക്തമാക്കി. എന്നാൽ പ്രമുഖ സ്വകാര്യ ബ്രാൻഡുകൾ പലതും വില കുറയ്ക്കാൻ തയ്യാറായിട്ടില്ല. വിപണിയിൽ പല സ്വകാര്യ ബ്രാൻഡുകൾക്കും ഇപ്പോഴും ലിറ്ററിന് 320 രൂപ വരെയാണ് വില.
കഴിഞ്ഞ 2025 ജൂലൈയിൽ വെളിച്ചെണ്ണ വില സർവ്വകാല റെക്കോർഡായ 500 രൂപ കടന്നിരുന്നു. കൊപ്ര വില 300 രൂപ വരെ ഉയർന്നതായിരുന്നു അന്ന് കാരണം. എന്നാൽ പിന്നീട് പ്രാദേശിക വിപണിയിൽ തേങ്ങയുടെ വരവ് കൂടിയതും പശ്ചിമേഷ്യൻ യുദ്ധം കാരണം കയറ്റുമതി കുറഞ്ഞതും മൂലം ഡിസംബറോടെ വില കുറയുകയായിരുന്നു.
