Site icon Fourteen Kerala – 14 Kerala News

ഈജിപ്തിലെ ഏറ്റവും വലിയ സ്വർണഖനിയിൽ പാറയിടിഞ്ഞ് വീണ് അപകടം; ഒരു തൊഴിലാളി മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

കെയ്റോ: ഈജിപ്തിലെ ഏറ്റവും വലിയ സ്വർണഖനിയായ ‘സുഖാരി’യിൽ ഉണ്ടായ പാറയിടിച്ചിലിൽ ഒരു തൊഴിലാളി കൊല്ലപ്പെട്ടു. അപകടത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ അപകടമുണ്ടായ ഭാഗത്തെ ഖനന പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

ഈജിപ്തിലെ ഈസ്റ്റേൺ ഡെസേർട്ട് മേഖലയിലുള്ള ഖനിയുടെ ഭൂഗർഭ തുരങ്കത്തിനുള്ളിലാണ് അപകടമുണ്ടായതെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റവരെ മർസ ആലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.അപകടത്തിന്റെ കാരണം കണ്ടെത്താനും ഖനിയിലെ സുരക്ഷാ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കാനും പെട്രോളിയം മന്ത്രി കരീം ബദവി പ്രത്യേക അന്വേഷണ സമിതിക്ക് ഉത്തരവിട്ടു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള നിർദേശങ്ങളും സമിതി സമർപ്പിക്കും.

ഈജിപ്ഷ്യൻ സമ്പദ്‌വ്യവസ്ഥയിലേക്ക് ദശലക്ഷക്കണക്കിന് ഡോളറിന്റെ സംഭാവന നൽകുന്ന ഖനിയാണിത്. പ്രതിവർഷം അര ദശലക്ഷത്തോളം ഔൺസ് സ്വർണമാണ് ഇവിടെനിന്ന് ഉത്പാദിപ്പിക്കുന്നത്.
ഈജിപ്ഷ്യൻ സർക്കാരും പ്രമുഖ ഖനന കമ്പനിയായ ‘ആംഗ്ലോഗോൾഡ് അശാന്തി’യും ചേർന്നാണ് ഖനി പ്രവർത്തിപ്പിക്കുന്നത്. വൻകിട ആധുനിക ഖനനം നടക്കുന്നതിനാൽ ഈജിപ്തിൽ ഇത്തരം അപകടങ്ങൾ വളരെ അപൂർവ്വമായാണ് റിപ്പോർട്ട് ചെയ്യാറുള്ളത്.

Exit mobile version