ഇടുക്കി: ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ് തകർന്നു വീണു അപകടം. കഴിഞ്ഞ ദിവസവും കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണിരുന്നു. തുടർന്ന് ഇന്ന് രാവിലെ ജീവനക്കാർ ഓഫീസിൽ എത്തിയപ്പോഴാണ് കൂടുതൽ ഭാഗങ്ങൾ പൂർണ്ണമായി ഇടിഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്.
ഓഫീസിൽ ആൾക്കൂട്ടം ഇല്ലാത്ത സമയത്തായതുകൊണ്ട് മാത്രമാണ് വലിയൊരു അപകടം ഒഴിവായത്. തുടർച്ചയായി സീലിംഗ് അടർന്നു വീഴുന്ന ഈ ശോച്യാവസ്ഥയിലുള്ള കെട്ടിടത്തിൽ ജീവനക്കാർ കടുത്ത ആശങ്കയിലും ഭയത്തിലുമാണ് ജോലി ചെയ്യുന്നത്.
ജീവനക്കാരുടെയും ഓഫീസിലെത്തുന്ന പൊതുജനങ്ങളുടെയും ജീവന് ഭീഷണിയായി മാറിയിരിക്കുന്ന ഈ പഴയ കെട്ടിടം അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്നും അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ശക്തമായ ആവശ്യം ഉയരുന്നുണ്ട്.
