കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ കസ്റ്റഡിയിൽ വിട്ട മരുതോങ്കര സ്വദേശി കീർത്തനയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. മറ്റ് രണ്ട് അധ്യാപികമാരെയും ലഹരിക്കച്ചവടത്തിലേക്ക് എത്തിച്ചത് കീർത്തനയാണെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.
വിദ്യാർത്ഥികളെ ലഹരി ഇടപാടിന് ഉപയോഗിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.വെള്ളിയാഴ്ച വൈകിട്ട് 5 മണി വരെയാണ് കോടതി കീർത്തനയെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. സൈബർ സെല്ലിൽ നിന്ന് ലഭിച്ച ഫോൺ രേഖകൾ, ബാങ്ക് ഇടപാടുകൾ ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ലഹരി ഇടപാടിൽ കീർത്തനയ്ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
കസ്റ്റഡിയിൽ കൊണ്ടുപോകുന്ന വഴി കീർത്തന മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. “ലഹരി കേസുമായി തനിക്ക് ബന്ധമില്ല. ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചാൽ അത് മനസ്സിലാകും” എന്നായിരുന്നു പ്രതിയുടെ വാദം. എന്നാൽ കീർത്തനയുടെ മൊബൈൽ ചാറ്റുകളിലും പണമിടപാടുകളിലും ലഹരി കേസുമായുള്ള ബന്ധം വ്യക്തമാണെന്ന് പോലീസ് പറയുന്നു. പ്രതികളായ മറ്റ് അധ്യാപികമാരായ കാവ്യ, നീഷ്മ എന്നിവരെയും ലഹരിക്കെണിയിലേക്ക് എത്തിച്ചത് കീർത്തനയാണെന്നും സൂചനയുണ്ട്.
ഇതിനിടെ വടകര എം.ഡി.എം.എ കേസിലെ പ്രധാന പ്രതി ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് പയ്യോളി പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു ലഹരി കേസിലും റിമാൻഡിലായി. മേയ് 20-ന് മണിയൂർ തുറശ്ശേരിക്കടവ് സ്വദേശി മുഹമ്മദ് ഇർഫാനെ 13.56 ഗ്രാം എം.ഡി.എം.എയുമായി പയ്യോളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി വാങ്ങാൻ ജിജിലിന് പണം അയച്ചു കൊടുത്തതായി കണ്ടെത്തിയത്.
വടകര എൻ.ഡി.പി.എസ് കോടതിയുടെ അനുമതിയോടെ ജിജിലിന്റെ മുൻകൂർ അറസ്റ്റ് രേഖപ്പെടുത്തി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ ജിജിലിനെ റിമാൻഡ് ചെയ്തു. ഈ കേസിലും ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
ജിജിലിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ ഒരു വർഷത്തിനിടെ ഏകദേശം ഒരു കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി. ഇതിൽ ഭൂരിഭാഗവും ലഹരിക്കച്ചവടത്തിന്റേതാണെന്നാണ് പോലീസ് നിഗമനം. വടകരയിൽ അറസ്റ്റിലായ കീർത്തന, കാവ്യ, നീഷ്മ എന്നിവരുമായും ജിജിലിന് പണമിടപാടുണ്ടായിരുന്നു.മംഗളൂരുവിൽ പഠിക്കുന്ന കാലത്ത് ജിജിലും കേസിലെ മറ്റൊരു പ്രതി വയനാട് സ്വദേശി ഷിന്റോയും പരിചയപ്പെട്ടതാണ്. പഠനകാലത്ത് തന്നെ ഇരുവരും എം.ഡി.എം.എ ഇടപാടിലേക്ക് തിരിഞ്ഞു. പഠനശേഷവും ഇത് തുടർന്നു. ഷിന്റോ പഠനം പാതിവഴിയിൽ ഉപേക്ഷിക്കാൻ കാരണവും ലഹരി പ്രശ്നങ്ങളാണെന്ന് പോലീസിന് വിവരം ലഭിച്ചു.
മേയ് 19-ന് രാത്രി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇർഫാന്റെ വീട്ടിൽ നിന്നാണ് എം.ഡി.എം.എ പിടികൂടിയത്. ഈ കേസുകളിലെല്ലാം തുടരന്വേഷണം നടത്തുമെന്നും ലഹരിയുടെ ഉറവിടവും പണമിടപാടുകളും കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.
