കോഴിക്കോട് : കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട്ടിലുള്ള ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് ലിമിറ്റഡ് അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു. ജസ്റ്റിസ് സി. ജയചന്ദ്രന്റേതാണ് ഉത്തരവ്. പരിസരത്തെ ജനവാസമേഖലയിലേക്ക് മലിനജലം ഒഴുക്കുന്നെന്ന പരാതിയെത്തുടർന്നാണ് യൂണിറ്റ് അടച്ചുപൂട്ടാൻ ബോർഡ് നിർദേശിച്ചത്. ആരോപണം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി കോടതിയെ സമീപിച്ചത്.
യൂണിറ്റിൽനിന്ന് പുറത്തേക്ക് മലിനജലം ഒഴുകുന്നതിന്റെ ലക്ഷണങ്ങളില്ലെന്നു കാട്ടി, കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി കളക്ടർക്ക് നൽകിയ റിപ്പോർട്ട് ഹർജിക്കാർ കോടതിയിൽ ഹാജരാക്കി. മതിയായ പരിശോധന നടത്താതെയും കാരണംകാണിക്കൽ നോട്ടീസ് നൽകാതെയുമാണ് മലിനീകരണ നിയന്ത്രണ ബോർഡ് നടപടിയെടുത്തതെന്ന് കോടതി നിരീക്ഷിച്ചു. മലിനജലം ഒഴുകിയെത്തുന്നെന്ന ആരോപണമല്ലാതെ മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയെക്കുറിച്ച് ഉത്തരവിൽ പറയുന്നില്ല.
സ്ഥാപനത്തിൽ അടിയന്തരപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനിയർക്ക് കോടതി നിർദേശംനൽകി. കളക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥനും സംഘത്തിലുണ്ടാകണം. അടച്ചുപൂട്ടൽ ഉത്തരവ് നൽകാൻ തക്കവിധം മലിനജലം പുറത്തേക്ക് ഒഴുക്കുന്നുണ്ടോയെന്നതടക്കം പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. കേസ് ഒാഗസ്റ്റ് 13-ന് പരിഗണിക്കും.
