Site icon Fourteen Kerala – 14 Kerala News

സുമതിക്ക് സ്നേഹത്തിന്റെ കുഴിമാടമൊരുക്കി കോഴിക്കോട്ടെ മുസ്‍ലിം യുവാക്കൾ

കോഴിക്കോട് : മതസൗഹാർദ്ദത്തിന്റെ ഉദാത്ത മാതൃക തീർത്ത് കോഴിക്കോട് മുക്കത്തെ പൂളപ്പൊയിൽ ഗ്രാമവും ഒരുപറ്റം യുവാക്കളും. കാതിയോട് പാലക്കുന്നുമ്മൽ സുമതിയുടെ (ചെറിയമോൾ – 64) സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് സുമതി മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് മൃതദേഹം വീട്ടിലെത്തിച്ചെങ്കിലും, കോരിച്ചൊരിയുന്ന മഴ കാരണം സംസ്കാര ചടങ്ങുകൾക്കായി മണ്ണൊരുക്കാൻ ആളെ ലഭിക്കാതെ ബന്ധുക്കളും നാട്ടുകാരും ഏറെ പ്രയാസപ്പെട്ടു. ഈ പ്രതിസന്ധിഘട്ടത്തിലാണ് മാതൃകാപരമായ ഇടപെടലുമായി മുസ്‍ലിം സഹോദരങ്ങൾ മുന്നിട്ടിറങ്ങിയത്.

വിവരമറിഞ്ഞയുടൻ പ്രദേശത്തെ സേവനരംഗത്ത് സജീവമായ പൂളപ്പൊയിൽ ഖബർസ്ഥാനിൽ സൗജന്യമായി ഖബറൊരുക്കുന്ന ഉസൈൻ പൂലേരി, ആഷിക് തഹാനി, എ.എം. യൂസഫ്, ഹാഷിർ എന്നിവരും അയൽവാസികളായ പി.കെ. ശംസു, മൻസൂർ എന്നിവരും സ്ഥലത്തെത്തുകയായിരുന്നു.

തുടർന്ന് കനത്ത മഴയും ചളിയും അവഗണിച്ച് രാത്രി 7.30ഓടെ ആരംഭിച്ച പണി രാത്രി 11.30വരെ നീണ്ടു. പൂർണമായും ഹിന്ദു ആചാരപ്രകാരമുള്ള സംസ്കാര ചടങ്ങുകൾക്ക് ആവശ്യമായ കുഴിമാടം ഒരുക്കിനൽകിയാണ് ഈ യുവാക്കൾ മാതൃകയായത്. ആരൊക്കെ വർഗീയ വിഷം ചൊരിഞ്ഞാലും കേരളത്തിന്റെ മനസ്സ് എന്നും മതസൗഹാർദ്ദത്തിനൊപ്പമാണെന്ന് തെളിയിക്കുന്ന മറ്റൊരു ‘റിയൽ കേരള സ്റ്റോറി’ കൂടിയായി ഇത് മാറി.

Exit mobile version