മാവൂർ : പാലക്കാട് വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പൂവാട്ടുപറമ്പ് സ്വദേശി കളരിപ്പുറായിൽ കെ.പി. ഹർഷാദിനെ (സാബു-29) പോലീസ് പിടികൂടി. ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിൽ ഉൾപ്പെട്ട പ്രതികളെ കഴിഞ്ഞമാസം 11-ാം തീയതി പ്രതികൾ താമസിക്കുന്ന പെരുവയൽ കോടശ്ശേരി താഴത്തുള്ള മലബാർ ഗ്രീൻകൗണ്ടി ഫ്ലാറ്റിൽവെച്ച് പിടികൂടാനായിവന്ന പോലീസുകാരെ പ്രതികൾ സ്‌ഫോടകവസ്തു എറിഞ്ഞ് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പ്രതി സംസ്ഥാനത്തിന് പുറത്ത് കറങ്ങിനടക്കുകയായിരുന്നു. കഴിഞ്ഞദിവസം നാട്ടിലെത്തിയ പ്രതി പോലീസിനെ കണ്ട് വീണ്ടും ഓടിരക്ഷപ്പെട്ടു.
അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതി വയനാട് നടവയലിൽ കോഫി വിന്റേജ് ഹെറിറ്റേജ് ഹോമിൽ താമസിക്കുന്നുണ്ടെന്ന് മാവൂർ പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അവിടെയെത്തി. എന്നാൽ, പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.
ഈ കേസിൽ ഉൾപ്പെട്ട നാല് പ്രതികളിൽ ആട് ഷമീർ ഉൾപ്പെടെ രണ്ടുപേർ പാലക്കാട് ജില്ലാ ജയിലിലും രണ്ടുപേർ കോഴിക്കോട് ജില്ലാ ജയിലിൽ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുമാണുള്ളത്. പ്രതി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ റൗഡിലിസ്റ്റിൽ പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു. വിവിധ പോലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളിൽ ഇയാൾ പ്രതിയുമാണ്.
മാവൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മുഹമ്മദ് ഷഫീക്ക്, സബ് ഇൻസ്‌പെക്ടർ മുഹമ്മദ് ഷാഫി, എസ്.സി.പി.ഒ.മാരായ ദീപക്ക്, പ്രമോദ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. അബ്ദുറഹ്‌മാൻ, എസ്.സി.പി.ഒ.മാരായ സഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കുന്ദമംഗലം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
