മംഗളൂരു : മംഗളൂരു ശ്രീനിവാസ കോളേജിൽ കറുത്ത ഷൂസ് ധരിച്ചെത്തിയതിന്റെ പേരിൽ ഒന്നാം വർഷ മലയാളി വിദ്യാർത്ഥികളെ സീനിയർമാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ആറ് മലയാളി വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.
ചായ കുടിക്കാൻ കോളേജിന് സമീപത്തെ കടയിലെത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. കറുത്ത ഷൂസ് ധരിച്ചതിനെച്ചൊല്ലി വിദ്യാർത്ഥികളെ തടഞ്ഞുനിർത്തിയ സീനിയർമാർ, ഇവരെയും മാതാപിതാക്കളെയും അസഭ്യം പറയുകയും ആദർശിന്റെ തല ബലമായി പിടിച്ച് തിരിക്കുകയുമായിരുന്നു. ഭയന്ന ജസിൻ കടയിൽ നിന്ന് പോലീസിന്റെ നമ്പർ സംഘടിപ്പിച്ച് വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസാണ് പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലാക്കിയത്. മർദ്ദനമേറ്റ ആദർശിന്റെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കോളേജ് മാനേജ്മെന്റും അറിയിച്ചു.
