കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ച സംഭവത്തിൽ കോഴിക്കോട് സൈബർ പൊലീസ് കേസെടുത്തു. ‘നിതിൻ കക്കേടത്ത്’ എന്ന ഫേസ്ബുക്ക് ഐഡിക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗമാണ് പരാതി നൽകിയത്. പരാതിയിൽ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതി സൈബർ എസിപിക്ക് കൈമാറുകയായിരുന്നു. തുടർന്ന് സൈബർ എസിപിയുടെ നിർദേശപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ലഹളയുണ്ടാക്കുന്നതിനും പൊതുസമൂഹത്തിൽ കലഹം സൃഷ്ടിക്കാനുമുള്ള ഉദ്ദേശത്തോടെയാണ് പ്രതി സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് പ്രചരിപ്പിച്ചതെന്നാണ് എഫ്ഐആറിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഐപിസി, ഐടി ആക്ട് എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പോസ്റ്റിട്ട എഫ്ബി ഐഡിയുടെ ഉടമയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഐഡിയുടെ ഐപി അഡ്രസ്, ലൊക്കേഷൻ വിവരങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് സൈബർ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ഫേസ്ബുക്ക് അധികൃതരിൽ നിന്ന് വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
സോഷ്യൽ മീഡിയയിലൂടെ പ്രമുഖ വ്യക്തികൾക്കെതിരെ വ്യാജ പ്രചാരണങ്ങളും അപകീർത്തികരമായ പരാമർശങ്ങളും വർധിക്കുന്ന പശ്ചാത്തലത്തിലാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് സൈബർ പൊലീസ് അധികൃതർ പറഞ്ഞു.
ഇത്തരം പോസ്റ്റുകൾ കണ്ടാൽ ഉടൻ പൊലീസിനെ വിവരമറിയിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്
അതേസമയം പവർക്കട്ടിന്റെ പേരിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ച ആലപ്പുഴ സ്വദേശിയായ പിഡിപി പ്രവർത്തകന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവവും വിവാദമായി. ആലപ്പുഴ സൗത്ത് പൊലീസാണ് ആലപ്പുഴ സ്വദേശി അഹമ്മദ് കബീറിന്റെ ഫോൺ പിടിച്ചെടുത്തത്.
പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ നൽകിയ പരാതിയിലായിരുന്നു ഈ നടപടി. പൊലീസിന്റെ ഈ നടപടി വലിയ വിമർശനത്തിന് ഇടയാക്കിയതോടെ ആദ്യം ഫോൺ തിരികെ നൽകിയിരുന്നു. എന്നാൽ പിന്നീട് ഡിവൈഎസ്പിയുടെ പരിശോധനയ്ക്കായി എന്ന് പറഞ്ഞ് വീണ്ടും ഫോൺ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
താൻ മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നാണ് അഹമ്മദ് കബീറിന്റെ വിശദീകരണം. “പൂക്കി എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. അത് മുഖ്യമന്ത്രിയെ ഉദ്ദേശിച്ചാണെന്ന് എനിക്ക് അറിവില്ല. ഇത് ന്യൂജെൻ പ്രയോഗമാണ്. രാത്രി 2.30ന് കറന്റ് പോയതോടെ മക്കൾ ഉറക്കത്തിൽ നിന്ന് എണീറ്റ് കരയുകയായിരുന്നു.നാളെ അവർക്ക് സ്കൂളിൽ പോകാനുണ്ട്. ഒരു പിതാവ് എന്ന നിലയിൽ ഉണ്ടായ വേദന ഫേസ്ബുക്കിൽ പങ്കുവെച്ചതാണ്. മുഖ്യമന്ത്രിയെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ല” എന്ന് അദ്ദേഹം പ്രതികരിച്ചു.അഭിപ്രായപ്രകടനത്തിന്റെ പേരിൽ സാധാരണക്കാരെ പൊലീസ് വേട്ടയാടുകയാണെന്ന ആക്ഷേപവും ഇതിനെതിരെ ഉയർന്നിട്ടുണ്ട്. രണ്ട് സംഭവങ്ങളിലും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.