Site icon Fourteen Kerala – 14 Kerala News

ബത്തേരിയിൽ ജോലിക്കിടെ വീണു പരിക്കേറ്റ മാധവന്റെ മരണം; മതിയായ ചികിത്സ ലഭിക്കാതെയാണെന്ന് ആരോപണം

ബത്തേരി : ബത്തേരി നൂൽപ്പുഴ പഞ്ചായത്തിൽ ജോലിക്കിടെ വീണുപരിക്കേറ്റ മധ്യവയസ്‌കൻ മരിച്ചത് മതിയായ ചികിത്സ ലഭിക്കാതെയെന്ന് ഗുരുതര ആരോപണം. നെന്മേനിക്കുന്ന് കാരപ്പൂതാടി കാട്ടുനായ്‌ക്ക ഉന്നതിയിലെ മാധവൻ (50) ആണ് ശനിയാഴ്ച ദാരുണമായി മരിച്ചത്.

ബുധനാഴ്ച സമീപത്തെ വീട്ടിൽ ജോലിക്കിടെ തലച്ചുമടായി വളച്ചാക്ക് കൊണ്ടുപോകുന്നതിനിടയിൽ തെന്നിവീഴുകയായിരുന്നു. ഭാരമുള്ള വളച്ചാക്ക് ദേഹത്തേക്ക് വീണാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ഉടൻ തന്നെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗിയെ അന്ന് രാത്രിതന്നെ ഉന്നതിയിൽ തിരിച്ചെത്തിക്കുകയാണുണ്ടായത്.തുടർന്ന് മൂന്ന് ദിവസത്തോളം അദ്ദേഹം അവശനിലയിൽ ഉന്നതിയിൽ തന്നെ കഴിയുകയായിരുന്നു. ശനിയാഴ്ച പകൽ ഒന്നോടെ സഹോദരിയെത്തി വീണ്ടും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, തീർത്തും അവശനായ മാധവൻ വൈകിട്ടോടെ മരണത്തിന് കീഴടങ്ങി.

ബുധനാഴ്ചയുണ്ടായ അപകടത്തിൽ കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പോസ്റ്റുമോർട്ടത്തിനുശേഷം ഞായറാഴ്ച രാവിലെ മൃതദേഹം ഉന്നതിയിൽ സംസ്കരിച്ചു. എന്നാൽ മാധവന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ഉന്നതിനിവാസികളുടെ പ്രധാന ആരോപണം. കമലയാണ് ഭാര്യ.

Exit mobile version