തിരുവനന്തപുരം : തിരുവനന്തപുരം: സംസ്ഥാനത്തെ ലോട്ടറി തൊഴിലാളികൾക്ക് ഓണക്കാലത്ത് സർക്കാർ ആനുകൂല്യം പ്രഖ്യാപിച്ചു. ഉത്സവ ബത്ത 1000 രൂപ വർധിപ്പിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. 26,980 അംഗങ്ങളും 9,345 പെൻഷൻകാരും ഉൾപ്പെടെ മൊത്തം 36,325 പേർക്ക് ഈ ആനുകൂല്യം ലഭിക്കും. ഇതിനായി 26.47 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. പുതുക്കിയ നിരക്ക് പ്രകാരം ഏജന്റുമാർക്കും വിൽപ്പനക്കാർക്കും 8500 രൂപയും പെൻഷൻകാർക്ക് 3750 രൂപയുമാണ് ഓണം ബത്തയായി ലഭിക്കുക. ചരിത്രത്തിൽ ആദ്യമായാണ് ഏജന്റുമാർക്കും പെൻഷൻകാർക്കും ഒരുപോലെ തുക വർധിപ്പിക്കുന്നത്.
ലോട്ടറി മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി സർക്കാർ നടത്തുന്ന പ്രധാന ഇടപെടലുകളിൽ ഒന്നാണ് ഈ തീരുമാനം. ഓണക്കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ആശ്വാസമാകും എന്നാണ് വിലയിരുത്തൽ.അതേസമയം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ 2026 ന്റെ വിൽപ്പന ആരംഭിച്ച ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. വിൽപ്പന തുടങ്ങിയ ആദ്യ ദിവസം 8,72,540 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം 2025-ൽ ആദ്യ ദിനം വിറ്റത് 3,17,850 ടിക്കറ്റുകൾ മാത്രമായിരുന്നു.
ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ആദ്യ ദിനത്തിൽ തന്നെ 5,54,690 ടിക്കറ്റുകളുടെ വർധനവാണ് രേഖപ്പെടുത്തിയത്. ആദ്യ ഘട്ടമായി 20 ലക്ഷം ടിക്കറ്റുകളാണ് വിൽപനയ്ക്കായി ലഭ്യമാക്കിയിട്ടുള്ളത്. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന മികച്ച സ്വീകരണവും വിശ്വാസവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ എസ് പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാരും വിൽപ്പനക്കാരും നടത്തുന്ന സജീവ പ്രവർത്തനങ്ങളും വിൽപ്പന വർധിക്കാൻ സഹായിച്ചതായി വകുപ്പ് വിലയിരുത്തി.
വരും ദിവസങ്ങളിൽ തിരുവോണം ബംപർ ടിക്കറ്റുകൾക്കുള്ള ആവശ്യകത കൂടുതൽ വർധിക്കുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ. ഒന്നാം സമ്മാനം 25 കോടി രൂപയാണ് തിരുവോണം ബംപറിന്റെ പ്രധാന ആകർഷണം.പൊതുജനങ്ങൾ അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാരിൽ നിന്നോ വിൽപ്പനക്കാരിൽ നിന്നോ മാത്രം ടിക്കറ്റുകൾ വാങ്ങണമെന്ന് ഡയറക്ടർ അറിയിച്ചു. ടിക്കറ്റിന്റെ സുരക്ഷാ സവിശേഷതകളും ക്യു ആർ കോഡും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും വ്യാജ ടിക്കറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
