കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപാ ബാധിച്ച് ചികിത്സയിലായിരുന്ന രോഗിക്ക് ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഐസിയുവിൽ വെൻ്റിലേറ്ററിൽ കഴിഞ്ഞിരുന്ന 43 കാരനായ ഫറോക്ക് സ്വദേശിയെ ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റി.
ജൂൺ 9-ാം തീയതി മുതൽ വെൻ്റിലേറ്ററിലായിരുന്നു ഇദ്ദേഹം. അതീവ ഗുരുതരമായ നിലയിൽ ജൂൺ 11-നാണ് ഫറോക്ക് സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. നിപാ ലക്ഷണങ്ങളോടെയാണ് ആശുപത്രിയിലെത്തിയത്. തുടർന്ന് ഐസോലേഷൻ ഐസിയുവിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകി.
രോഗിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടർന്നതിനാൽ ഒരു മാസത്തോളം വെൻ്റിലേറ്റർ സഹായം ആവശ്യമായിരുന്നു.നിപാ സാധ്യത പൂർണമായും ഇല്ലാതായതോടെയാണ് രോഗിയെ ഐസിയുവിൽ നിന്ന് മാറ്റിയത്. ആവർത്തിച്ച് നടത്തിയ രണ്ട് പരിശോധനകളും നെഗറ്റീവ് ആയതിനെ തുടർന്ന് ജൂലൈ 7-ാം തീയതി ഐസോലേഷൻ ഐസിയുവിൽ നിന്ന് ട്രാൻസിറ്റ് ഐസിയുവിലേക്ക് മാറ്റി.ഇപ്പോൾ രോഗിയുടെ ആരോഗ്യനിലയിൽ കൂടുതൽ മെച്ചമുണ്ട്. സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇപ്പോൾ പൊതുവാർഡിലേക്ക് മാറ്റുന്നതിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.കോഴിക്കോട് ജില്ലയിൽ നിപാ റിപ്പോർട്ട് ചെയ്തതോടെ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും അതീവ ജാഗ്രതയിലായിരുന്നു.
സമ്പർക്കപ്പട്ടികയിലുള്ളവരെ നിരീക്ഷണത്തിൽ പാർപ്പിക്കുകയും പരിശോധനകൾ നടത്തുകയും ചെയ്തു. നിലവിൽ ജില്ലയിൽ പുതിയ നിപാ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.കഴിഞ്ഞ വർഷങ്ങളിലും കോഴിക്കോട് നിപാ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് മെഡിക്കൽ കോളേജ് നടത്തിയ ഫലപ്രദമായ ഇടപെടലുകളും ചികിത്സയും വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇത്തവണയും അതേ മാതൃകയിൽ തന്നെയുള്ള ചികിത്സയാണ് രോഗിക്ക് നൽകിയത്. ഐസോലേഷൻ പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ചാണ് ചികിത്സ മുന്നോട്ട് കൊണ്ടുപോയത്. നിലവിൽ രോഗിയെ നിരീക്ഷണത്തിൽ തുടരുകയാണ്. ആരോഗ്യനില പൂർണമായും മെച്ചപ്പെട്ടാൽ ഉടൻ തന്നെ വീട്ടിലേക്ക് വിടാനാകുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ.
