Site icon Fourteen Kerala – 14 Kerala News

മുത്തങ്ങ ഭൂസമര കേസ്; പൊലീസുകാരന്‍ വിനോദിന്റെ കൊലപാതക കേസില്‍ എം. ഗീതാനന്ദന്‍ ഉള്‍പ്പെടെ 35 പ്രതികളെ വെറുതെ വിട്ടു

കല്‍പ്പറ്റ: 2003ലെ മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരനായ വിനോദ് കൊല്ലപ്പെട്ട കേസില്‍ ഗോത്ര മഹാസഭ നേതാവ് എം. ഗീതാനന്ദന്‍ ഉള്‍പ്പെടെ 35 പ്രതികളെ വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെവിട്ടു. 57 പേരെ പ്രതിചേര്‍ത്തിരുന്ന കേസില്‍ വിചാരണക്കിടെ 15 പേര്‍ മരിച്ചതിനെ തുടര്‍ന്ന് നിലവില്‍ 53 പ്രതികളാണുള്ളത്. കേസില്‍ 23 വര്‍ഷത്തിന് ശേഷമാണ് വിധി പറഞ്ഞിരിക്കുന്നത്.

2003 ഫെബ്രുവരി 19ന് ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി പതിച്ചുനല്‍കണമെന്ന ആവശ്യമുന്നയിച്ച് ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ നടന്ന സമരത്തിനിടെയാണ് പൊലീസുകാരന്‍ വിനോദ് കൊല്ലപ്പെട്ടത്. എ.കെ ആന്റണി സര്‍ക്കാരിന്റെ കാലത്തായിരുന്നു സംഭവം.

സമരത്തിനിടെ വിനോദിനെ പ്രതിഷേധക്കാര്‍ ബന്ദിയാക്കിയതായും ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ വിട്ടയക്കൂ എന്ന നിലപാട് സ്വീകരിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിനോദിനെ രക്ഷപ്പെടുത്താനുള്ള പൊലീസ് നീക്കമാണ് പിന്നീട് സംഘര്‍ഷത്തിലേക്കും വെടിവെപ്പിലേക്കും നയിച്ചത്.സമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനായ അബ്ദുൽ സലാമിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ പിന്നീട് വിധിക്കും.

ആദ്യഘട്ടത്തിൽ ക്രൈം ബ്രാഞ്ചും പിന്നീട് സിബിഐയും കേസ് അന്വേഷിച്ചു. ആദിവാസി നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ 57 പേരെയാണ് പ്രതിചേർത്തത്. വിചാരണക്കിടെ 15 പ്രതികൾ മരണപ്പെട്ടു. ഒടുവിൽ 40 പ്രതികളാണ് കോടതിയിൽ ഹാജരായത്. 103 രേഖകളും 13 തൊണ്ടിമുതലുകളും ഹാജരാക്കിയ കേസിൽ 47 സാക്ഷികളെ വിസ്തരിച്ചു.വിവിധ അന്വേഷണ ഏജൻസികളുടെ അന്വേഷണം, കേസ് സി.ബി.ഐ കോടതിയിൽ നിന്ന് കൽപ്പറ്റ സെഷൻസ് കോടതിയിലേക്ക് മാറ്റിയത്, പ്രതികളുടെ മരണവിവരം കോടതിയെ അറിയിക്കുന്നതിലുണ്ടായ കാലതാമസം തുടങ്ങിയവയാണ് വിചാരണ 23 വർഷം നീളാൻ കാരണമായത്.

വനഭൂമിയിൽ അതിക്രമിച്ച് കയറിയെന്ന കുറ്റം ഉൾപ്പെടെ പ്രോസിക്യൂഷൻ ചുമത്തിയ പല കുറ്റങ്ങളും തെളിയിക്കാനായില്ലെന്ന് കോടതി വിലയിരുത്തി. വിധിയിൽ നിരാശ പ്രകടിപ്പിച്ച വിനോദിന്റെ സഹോദരൻ കെ.വി., തുടർ നിയമനടപടികൾ സ്വീകരിക്കുന്ന കാര്യം കുടുംബം ആലോചിക്കുമെന്ന് പ്രതികരിച്ചു.

Exit mobile version