Site icon Fourteen Kerala – 14 Kerala News

വടകര ലഹരി കേസിലെ മുഖ്യകണ്ണി വയനാട് സ്വദേശിയെന്ന് സൂചന, അതിനിര്‍ണായക വിവരങ്ങള്‍ പുറത്ത്

കല്‍പ്പറ്റ: വടകര ലഹരിമരുന്ന് കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. കേസില്‍ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. സംഭവത്തിലെ മുഖ്യകണ്ണി വയനാട് സ്വദേശിയാണെന്നാണ് പുറത്തുവരുന്ന നിര്‍ണായക സൂചനകള്‍. ഇയാളെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ഓൺലൈൻ ഡെലിവറി ബോയ് ജിജിൽ കുര്യാക്കോസിൽ നിന്നാണ് പോലീസിന് അതിനിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പ്രതിയുടെ അക്കൗണ്ട് വഴി മാത്രം ഒരു കോടിയോളം രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. പ്രതികളുടെ ബാങ്ക് രേഖകള്‍ പൂര്‍ണ്ണമായും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

കേസില്‍ ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റൊരു യുവതി കൂടി പോലീസിന്റെ നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം. അറസ്റ്റിലായ അധ്യാപികമാരുടെ അടുത്ത സുഹൃത്താണ് ഈ യുവതിയെന്നാണ് സൂചന. റിമാന്‍ഡില്‍ കഴിയുന്ന പ്രധാന പ്രതികളായ കാവ്യ, കീര്‍ത്തന എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ എസ്‌ഐടി അപേക്ഷ നല്‍കിയിട്ടുണ്ട്.
ഈ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഇരുവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലൂടെ ലഹരി റാക്കറ്റിലെ കൂടുതല്‍ പ്രമുഖരിലേക്ക് എത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കേസില്‍ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായിട്ടുള്ളത്.

അതേസമയം, പ്രതിയായ കാവ്യയുടെ വിദേശയാത്രയെക്കുറിച്ചും സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ബിആര്‍സി ജീവനക്കാരിയായിരിക്കെ യാതൊരു അനുമതിയും ഇല്ലാതെയാണ് കാവ്യ വിദേശത്തേക്ക് പോയതെന്നും, ഇതിന് പിന്നില്‍ ഉന്നതരുടെ സഹായമുണ്ടെന്നും പേരാമ്പ്രയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ആരോപണമുയര്‍ന്നിരുന്നു.

Exit mobile version