Site icon Fourteen Kerala – 14 Kerala News

പകൽ മാന്യമായ ജോലി, രാത്രി ഇൻസ്റ്റഗ്രാമിൽ ലഹരി കച്ചവടം! അറസ്റ്റിലായ മൂന്ന് അധ്യാപകരും എംഡിഎംഎ സ്ഥിരം ഉപയോഗിച്ചിരുന്നതായി കണ്ടെത്തൽ

കോഴിക്കോട് : വടകര എംഡിഎംഎ കേസിൽ ഒരു അധ്യാപികകൂടി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പേരമ്പ്ര ബിആർസിയിലെ അധ്യാപികയായ കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പിൽ വി.പി. നീഷ്മ (30) ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിന് പിന്നാലെയാണ് ലഹരി സംഘവുമായുള്ള നീഷ്മയുടെ പങ്ക് വ്യക്തമായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ പൊലീസിന്റെ വലയിലായ അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്നും എസ്‌ഐടി സംഘത്തിന് ലഭിച്ച നിർണായക വിവരങ്ങളാണ് നീഷ്മയുടെ കുരുക്ക് മുറുക്കിയത്. നീഷ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഹരി വിൽപ്പന നടത്തിയ പണം എത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

സുഹൃത്തുക്കളായ ഇവർ മൂന്നുപേരും എംഡിഎംഎ ഉപയോഗിച്ചിരുന്നതായും വ്യക്തമായി. ഇൻസ്റ്റഗ്രാം വഴിയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. കേസിൽ കൂടുതൽ അധ്യാപകർക്ക് പങ്കുണ്ടെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. വടകര ഇൻസ്പെക്ടർ എ.വി. ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കഴിഞ്ഞ മാസം 28ന് സഫ്വാൻ എന്ന യുവാവ് എംഡിഎംഎയുമായി പിടിയിലായിരുന്നു. ഇയാളുടെ മൊഴിയെ തുടർന്ന് മരുതോങ്കര സ്വദേശി കീർത്തന അറസ്റ്റിലായി. പിന്നാലെ കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കാവ്യയും പിടിയിലായി.

കീർത്തനയുടെ ലഹരി പണമിടപാടുകൾ കാവ്യയുടെ അക്കൗണ്ടിലേക്ക് നടന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു കാവ്യയുടെ അറസ്റ്റ്. രണ്ടുപേരെയും വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കാവ്യ പേരമ്പ്ര ബി ആർ സി യിൽ സ്പെഷൽ എജ്യുക്കേറ്ററായി കരാറിലായിരുന്നു.

Exit mobile version