ഇരവിപുരം : കൊല്ലത്ത് അമ്മയെയും രണ്ടു മക്കളെയും കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതം. ഇരവിപുരം സ്വദേശിയായ യുവതിയെയും ഇവരുടെ 12 വയസ്സുള്ള ആൺകുട്ടിയെയും മൂന്നര വയസ്സുള്ള പെൺകുട്ടിയെയുമാണ് കഴിഞ്ഞ ഞായർ മുതൽ കാണാതായത്.
ക്ഷേത്ര ദർശനം എന്ന് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്ന് പുറപ്പെട്ടത്. എന്നാൽ സമയം വൈകിയിട്ടും മടങ്ങിയെത്താത്തതിനെത്തുടർന്ന് കുടുംബാംഗങ്ങൾ ആശങ്കയിലായി. തുടർന്ന് ഇവർ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പറിലേക്ക് ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് വ്യക്തമായി.തുടർന്നാണ് ഭർതൃ വീട്ടുകാർ ഇരവിപുരം പൊലീസിൽ പരാതി നൽകിയത്. പൊലീസ് നടത്തിയ വ്യാപകമായ സിസിടിവി പരിശോധനയിലാണ് കാണാതായവർ സഞ്ചരിച്ച വാഹനം തെന്മല വഴി തമിഴ്നാട്ടിലേക്ക് കടന്നതായി കണ്ടെത്തിയത്.
വാഹനത്തെക്കുറിച്ച് തുടർ അന്വേഷണം നടത്തിയെങ്കിലും നിലവിൽ നിർണായക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇവർ തമിഴ്നാട്ടിൽ തന്നെ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാണാതായ യുവതി ഒരു ഇൻഷുറൻസ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. വിദേശത്തായിരുന്ന ഭർത്താവ് വിവരം അറിഞ്ഞ ഉടൻ തന്നെ നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്.
യുവതിക്ക് സ്വന്തം സഹോദരനുമായി ചില സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലും വിശദമായ അന്വേഷണം നടന്നു വരികയാണ്.
