Site icon Fourteen Kerala – 14 Kerala News

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് തലകറങ്ങി വീണ യുവാവിനെ രക്ഷപ്പെടുത്തി

ഇടുക്കി: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കൊളുക്കുമലയിൽ വീണ്ടും വൻ സുരക്ഷാ വീഴ്ചയും ഞെട്ടിക്കുന്ന അപകടവും. സിംഹപ്പാറയിൽ നിന്ന് കാൽ തെന്നി 200 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് വീണ ചെന്നൈ സ്വദേശി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുകയറി.

ചെന്നൈ മടിപ്പാക്കം സ്വദേശി കാർത്തികാണ് (28) തലകറങ്ങി താഴേക്ക് പതിച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ടാക്സി തൊഴിലാളികളും പൊലീസും ഫയർഫോഴ്സും ചേർന്ന് യുവാവിനെ ജീവനോടെ പുറത്തെത്തിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാർത്തിക്കിനെ ഉടൻ തന്നെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തമിഴ്‌നാട് സ്വദേശികളായ സുഹൃത്തുക്കൾക്കൊപ്പമാണ് കാർത്തിക് കൊളുക്കുമലയിൽ എത്തിയത്. ഇന്നലെ പ്രദേശത്തെത്തിയ സംഘം ഇന്ന് രാവിലെയാണ് കാഴ്ചകൾ കാണാൻ സിംഹപ്പാറയിലേക്ക് പോയത്. പാറയിൽ കയറി നിൽക്കുന്നതിനിടെ കാർത്തിക്കിന് പെട്ടെന്ന് തലകറക്കം അനുഭവപ്പെടുകയും കാൽ വഴുതി ആഴമേറിയ കൊക്കയിലേക്ക് വീഴുകയുമായിരുന്നു.

അപകടം നടന്നത് തമിഴ്‌നാട് അതിർത്തി ഭാഗത്താണെങ്കിലും, അവിടത്തെ പൊലീസോ ഫയർഫോഴ്സോ വിവരമറിഞ്ഞിട്ടും സമയബന്ധിതമായി തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. പിന്നീട് കേരളത്തിൽ നിന്നുള്ള ടാക്സി തൊഴിലാളികളും പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് സാഹസികമായ രക്ഷാപ്രവർത്തനം നടത്തിയത്. നൂറിലധികം അടി താഴ്ചയുള്ള കൊക്കയായതിനാൽ ആദ്യഘട്ടത്തിൽ റെസ്ക്യൂ ഓപ്പറേഷൻ അതീവ ദുഷ്കരമായിരുന്നു.

അതേസമയം, കൊളുക്കുമല സിംഹപ്പാറയിൽ അപകടങ്ങൾ തുടർക്കഥയാകുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. കൃത്യം ഒരു മാസം മുൻപ് ഇതേ സ്ഥലത്തുനിന്ന് മറ്റൊരു യുവാവും സമാനമായ രീതിയിൽ കൊക്കയിലേക്ക് വീണ് ദാരുണമായി മരണപ്പെട്ടിരുന്നു.

Exit mobile version