കോഴിക്കോട്: വടകരയിലെ വിവാദമായ ‘കാഫിർ’ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ പ്രതി ചേർക്കാൻ അന്വേഷണ സംഘത്തിന്റെ നീക്കം. റിബേഷിനെ കേസിൽ രണ്ടാം പ്രതിയാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്ന് വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
ഇതോടെ കേസിൽ പ്രതികളുടെ എണ്ണം മൂന്നായി ഉയരും. ഡിവൈഎഫ്‌ഐ നേതാക്കളായ ജിതിൻ ഭാസ്‌കർ, അമൽ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. നേരത്തെ പലതവണ ചോദ്യം ചെയ്തിരുന്നെങ്കിലും റിബേഷിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ പ്രതി ചേർക്കാനുള്ള സാധ്യത മുന്നിൽ കണ്ട് റിബേഷ് കഴിഞ്ഞ ദിവസം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി അനുവദിച്ചിരുന്നു.
കേസിലെ ഒന്നാം പ്രതിയായ ജിതിൻ ഭാസ്‌കർ കാഫിർ സ്‌ക്രീൻഷോട്ട് ആദ്യം അയച്ചുകൊടുത്തത് റിബേഷിനാണെന്നും, തുടർന്ന് ഇയാൾ ഇത് വ്യാപകമായി പ്രചരിപ്പിച്ചെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കോടതിയിൽ റിപ്പോർട്ട് നൽകിയ ശേഷം റിബേഷിന് നോട്ടീസ് അയച്ചു വിളിപ്പിച്ചു വരുത്താനാണ് പൊലീസിന്റെ തീരുമാനം.മുൻകൂർ ജാമ്യം നിലവിലുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യത്തിൽ വിട്ടയക്കാനാണ് സാധ്യത. അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക് വന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിലായിരുന്നു . ഡിവൈഎഫ്ഐ നേതാവായ അമലിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം കണ്ണങ്കുഴി ബ്രാഞ്ചംഗവുമായ അമലിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
നേരത്തെ തന്നെ അമലിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വിവാദമായ വ്യാജ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതിൽ അമലിനും കൃത്യമായ പങ്കുണ്ടെന്ന് എസ്ഐടി കണ്ടെത്തിയത്. ‘റെഡ് ബറ്റാലിയൻ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ വ്യാജ സ്ക്രീൻഷോട്ട് ആദ്യമായി ഷെയർ ചെയ്തത് അമലാണെന്ന ഡിജിറ്റൽ തെളിവുകൾ ലഭിച്ചതോടെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
