കോഴിക്കോട്: മാവൂർ റോഡിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. ചാത്തമംഗലം പാഴൂരിന് സമീപം ചിറ്റാരിപ്പിലാക്കൽ ചോലക്കൽ സ്വദേശി അൻഷിഫ് (18) ആണ് മരിച്ചത്.
മാവൂർ റോഡിലെ പാറമ്മൽ ക്രിസ്തുരാജ ദേവാലയത്തിന് സമീപം ഇന്ന് രാവിലെയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് മാവൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ അൻഷിഫ് സഞ്ചരിച്ച സ്കൂട്ടർ എതിർദിശയിൽ നിന്ന് വന്ന കാറുമായി നേർക്കുനേർ കൂട്ടിയിടിച്ചു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രികൻ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അൻഷിഫിനെ ഉടൻ തന്നെ നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഉച്ചയോടെ അൻഷിഫ് മരണത്തിന് കീഴടങ്ങി.
സംഭവമറിഞ്ഞ് ആശുപത്രിയിൽ എത്തിയ ബന്ധുക്കളും നാട്ടുകാരും കണ്ണീരിലായി.സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാർ ഡ്രൈവറുടെ മൊഴിയും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.അപകടം നടന്ന മാവൂർ റോഡിലെ ഈ ഭാഗത്ത് ഇടയ്ക്കിടെ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. റോഡിലെ ഗതാഗതക്കുരുക്കും അമിതവേഗതയും അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
