Site icon Fourteen Kerala – 14 Kerala News

കുറ്റ്യാടി അമ്പലകുളങ്ങര ആക്രി കടയിൽ 1.67 ലക്ഷം കവർച്ച; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ

കുറ്റ്യാടി: കക്കട്ട് അമ്പലകുളങ്ങരയിലെ ആക്രി കടയിൽ നിന്ന് 1.67 ലക്ഷം രൂപയും ഇരിങ്ങണ്ണൂർ നീതി മെഡിക്കൽ ഷോപ്പിൽ നിന്ന് 22,000 രൂപയും കവർന്ന സംഭവത്തിൽ അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ.

കടമേരി സ്വദേശി റിജാസ് (37), തൊട്ടിൽപ്പാലം മൊയിലോത്തറ സ്വദേശി ഷിജു എന്ന ഷൈജു (44) എന്നിവരെയാണ് നാദാപുരം ഡിവൈ.എസ്.പി. കെ.ജി. പ്രവീൺകുമാറിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും പോലീസും ചേർന്ന് പിടികൂടിയത്. കാസർകോട് ഉപ്പളയിൽ വെച്ചാണ് പ്രതികൾ വലയിലായത്. കേസിൽ കർണാടക സ്വദേശിയായ അഷ്റഫ് എന്നയാൾ കൂടി പിടിയിലാകാനുണ്ട്.

അറസ്റ്റിലായ റിജാസ് കേരളത്തിലും കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലുമായി ഇരുനൂറപ്പത്തോളം മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഇരിങ്ങണ്ണൂർ നീതി മെഡിക്കൽ ഷോപ്പിന്റെ ഷട്ടർ തകർത്ത് പണം കവർന്ന ശേഷം മുങ്ങിയ സംഘം അമ്പലകുളങ്ങരയിലെ ആക്രിക്കടയിലും മോഷണം നടത്തുകയായിരുന്നു.

മേഖലയിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കാസർകോട് പോലീസിന്റെ സൂചനയോടെ പ്രതികളെ പിടികൂടാനായത്. ചോദ്യം ചെയ്യലിൽ പ്രതികളിൽ പ്രധാനിയായ റിജാസിന് കേരളത്തിലെ വിവിധ ജില്ലകൾക്ക് പുറമെ കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 250-ഓളം മോഷണക്കേസുകളിൽ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി.

ആക്രിക്കടയിലെ മോഷണത്തിൽ ഇവരെക്കൂടാതെ കർണാടക സ്വദേശിയായ അഷ്‌റഫ് ഉൾപ്പെടെയുള്ള മറ്റൊരാൾ കൂടി പങ്കാളിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Exit mobile version