Site icon Fourteen Kerala – 14 Kerala News

നാദാപുരം പാറക്കടവിലെ സഹകരണ ബാങ്കിൽ തട്ടിപ്പിന് ശ്രമം; യുവതി പിടിയിൽ, പിന്നിൽ വൻ റാക്കറ്റെന്ന് സൂചന

കോഴിക്കോട്: ബാങ്കുകളിലെ സ്വർണവായ്പ പദ്ധതിയിൽ സ്വർണാഭരണമെന്ന് തെറ്റിദ്ധരിപ്പിച്ച് മുക്കുപണ്ടം പണയം വെക്കുന്ന തട്ടിപ്പുകൾ വ്യാപകമാകുന്നു. നാദാപുരം പാറക്കടവിലെ ഒരു സഹകരണ ബാങ്കിൽ വൻ തട്ടിപ്പിന് ശ്രമമുണ്ടായി. യുവതിയെ ബാങ്ക് ജീവനക്കാർ തന്ത്രപൂർവം പിടികൂടി.

സ്ത്രീകളെ ഉപയോഗിച്ചുള്ള വൻ റാക്കറ്റാണ് ഇതിന് പിന്നിലെന്നാണ് സൂചന. അന്വേഷണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ പൊലീസിനെ സമീപിച്ചിട്ടുണ്ട്. ചെക്യാട് പഞ്ചായത്തിലെ മലയോര പ്രദേശമായ കാലിക്കൊളുമ്പിനടുത്തുള്ള ഒരു യുവതിയെയാണ് കഴിഞ്ഞ ദിവസം പാറക്കടവിലെ സഹകരണ ബാങ്കിൽ വെച്ച് പിടികൂടിയത്.

സ്വർണമാലയാണെന്ന് വിശ്വസിപ്പിച്ച് സ്വർണം പൂശിയ ആഭരണം പണയം വെച്ച് ഏകദേശം രണ്ടര ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു യുവതിയുടെ ശ്രമം. ആഭരണത്തിൽ ഹാൾമാർക്കും ജ്വല്ലറിയുടെ പേരും 916 എന്ന അടയാളവും രേഖപ്പെടുത്തിയിരുന്നതിനാൽ ബാങ്ക് ജീവനക്കാർക്ക് ആദ്യം സംശയം തോന്നിയില്ല.എന്നാൽ വിശദമായ പരിശോധനയിൽ അത് മുക്കുപണ്ടമാണെന്ന് മനസ്സിലായതോടെ യുവതിയെ തടഞ്ഞുവെച്ചു. പിന്നീട് രക്ഷിതാക്കൾ എത്തിയാണ് യുവതിയെ കൂട്ടിക്കൊണ്ടുപോയത്. ബാങ്കിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ല. ഒരു പ്രവാസിയുടെ ഭാര്യയാണ് ഈ യുവതി. നാദാപുരത്തെ ഒരു പെൺസുഹൃത്താണ് ആഭരണം പണയം വെച്ച് പണം എടുത്തുനൽകാൻ ആവശ്യപ്പെട്ടതെന്ന് യുവതി പറഞ്ഞു.

ഇത്തരത്തിലുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നുണ്ടെന്നും ഇതിന് പിന്നിൽ ഒരു മാഫിയ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നുമാണ് പൊലീസ് സംശയിക്കുന്നത്.

Exit mobile version