Site icon Fourteen Kerala – 14 Kerala News

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 56 ദിവസം പ്രായമായ നവജാത ശിശുവിന് ദാരുണാന്ത്യം

പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 56 ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചു. കാരാകുറുശ്ശി പള്ളിക്കുറുപ്പ് സ്വദേശികളായ പുലാക്കൽ ഷെഫീഖ്-ഹസീന ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളായ ആൺകുഞ്ഞാണ് മരിച്ചത്. വീട്ടിൽ പാൽ കൊടുത്ത് കിടത്തിയ ശേഷം കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതായി ബന്ധുക്കൾ പറയുന്നു.

ഉടൻ തന്നെ കുടുംബം കുഞ്ഞിനെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ആശുപത്രികളിലും ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.

ഇരട്ടക്കുട്ടികളിൽ ഒരാളെ നഷ്ടമായതിന്റെ ഞെട്ടലിലാണ് കുടുംബം. നവജാത ശിശുക്കൾക്ക് പാൽ കൊടുത്ത ശേഷം നേരെ കിടത്താതെ, ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ കുഞ്ഞിനെ തോളിൽ ചേർത്ത് പിടിച്ച് ഡകാരം എടുപ്പിക്കുന്നത് വളരെ പ്രധാനമാണെന്ന് ഡോക്ടർമാർ പറയുന്നു.

പാൽ തൊണ്ടയിൽ കുടുങ്ങുന്നത് ശ്വാസതടസ്സത്തിനും മരണത്തിനും വരെ കാരണമാകാം. കുഞ്ഞിന് പാൽ കൊടുക്കുമ്പോഴും കൊടുത്ത് കഴിഞ്ഞും പ്രത്യേക ശ്രദ്ധ വേണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Exit mobile version