കോട്ടയം: ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ വേദിയിലേക്ക് ക്ഷണിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. “നിലപാടുകൾ ആർജവത്തോടെ പറയുന്ന നേതാവാണ് ഇദ്ദേഹം” എന്ന് സുധീരൻ അലോഷ്യസിനെ പ്രശംസിച്ചു.
അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അലോഷ്യസ് സേവ്യറിന് വേദിയിൽ ഇരിപ്പിടം ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് സ്റ്റേജിന് താഴെയെത്തി സ്വന്തമായി കസേരയിട്ട് ഇരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് പ്രസംഗിക്കാനെത്തിയ വി.എം. സുധീരൻ അലോഷ്യസിനെ ശ്രദ്ധിച്ചത്.
ഉടൻ തന്നെ സ്നേഹത്തോടെ അദ്ദേഹത്തെ വേദിയിലേക്ക് വിളിക്കുകയും കൈകൊടുത്ത് സ്വീകരിക്കുകയും ചെയ്തു.ചടങ്ങിൽ സംസാരിച്ച അലോഷ്യസ് സേവ്യർ, എല്ലാ തലമുറകളെയും ചേർത്തുനിർത്തിയ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് ഓർമ്മിച്ചു. “കെഎസ്‌യുവിന്റെ വളർച്ചയിൽ വലിയ ഇടപെടൽ നടത്തിയ നേതാവായിരുന്നു ഉമ്മൻചാണ്ടി.
അവസാനമായി അദ്ദേഹവുമായി സംസാരിക്കാനും ഇടപെടാനും കഴിഞ്ഞ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ അത് എനിക്ക് അഭിമാനമാണ്” എന്നും അദ്ദേഹം പറഞ്ഞു.”ചുരുങ്ങിയ കാലമേ അദ്ദേഹത്തെ അടുത്തറിയാൻ കഴിഞ്ഞുള്ളൂ. എന്ത് പ്രശ്നവുമായി ഉമ്മൻചാണ്ടിയുടെ മുന്നിൽ ചെന്നാലും ഒരു പരിഹാര ഫോർമുല അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു” എന്നും അലോഷ്യസ് കൂട്ടിച്ചേർത്തു.
തേവരയിലെ ഒരു കോളജിൽ നടന്ന പരിപാടിക്ക് എത്തിയപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശൻ അലോഷ്യസ് സേവ്യറിന് മുഖം കൊടുത്തില്ലെന്ന വിവാദം നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹം ഇന്ന് കോട്ടയത്തെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തത്. ആ സമയത്തെ അവഗണനയ്ക്ക് മറുപടി പോലെയായിരുന്നു സുധീരന്റെ സ്നേഹപൂർവമായ ക്ഷണം. കെഎസ്‌യു നേതാവിന് വേദിയിൽ നൽകിയ പരിഗണന കോൺഗ്രസിനുള്ളിൽ തന്നെ വലിയ ചർച്ചയ്ക്ക് വഴിവെച്ചു.
