Site icon Fourteen Kerala – 14 Kerala News

നാദാപുരത്ത് സ്കൂളിൽ പോകാനുള്ള തിരക്കിനിടയിൽ വാട്ടർ ബോട്ടിലിന്റെ അടപ്പിൽ കൈ കുടുങ്ങി; അഞ്ച് വയസുകാരന് രക്ഷകരായി ഫയർ ഫോഴ്സ്

നാദാപുരം : വാട്ടർ ബോട്ടിലിന്റെ അടപ്പിൽ കൈ കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി നാദാപുരം ഫയർ ഫോഴ്സ്.ഇന്ന് രാവിലെ 9 മണിയോടെയാണ് നാദാപുരം ഫയർ സ്റ്റേഷനിൽ ഉപ്പയുടെ കൈ പിടിച്ച് അഞ്ച് വയസുകാരൻ മുഹമ്മദ് ഇൻസാഫ് എത്തിയത്.

സ്കൂളിൽ പോകാൻ ഒരുങ്ങുന്നതിനിടയിൽ കുട്ടി കാണിച്ച കുസൃതിയിലാണ് വീട്ടുകാരും ഫയർ ഫോഴ്സും കുടുങ്ങിയത്. രാവിലെ സ്കൂളിൽ പോകേണ്ട തിരക്കിനിടയിലാണ് കുട്ടിയുടെ വിരലുകൾ കുപ്പി അടപ്പിനുള്ളിൽ കുടുങ്ങിയത്. വീട്ടുകാർ പലവിധത്തിൽ ശ്രമിച്ചിട്ടും അടപ്പ് പുറത്തെടുക്കാൻ കഴിയാതെ വന്നതോടെയാണ് കുട്ടിയെയുമായി ഫയർ സ്റ്റേഷനിലേക്ക് ഓടിയത്.

തെല്ലും പരിഭ്രാന്തിയില്ലാതെ അതീവ ശ്രദ്ധയോടെയാണ് നാദാപുരം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തിയത്. സ്റ്റേഷനിലെ അത്യാധുനിക ഉപകരണങ്ങളായ റിംഗ് കട്ടർ, സ്പ്രെഡർ എന്നിവ ഉപയോഗിച്ച്, കുട്ടിയുടെ കൈകൾക്ക് യാതൊരുവിധ പരിക്കുകളും ഏൽക്കാത്ത രീതിയിൽ അടപ്പ് മുറിച്ചു മാറ്റുകയായിരുന്നു.

തുടക്കത്തിൽ ചെറിയ ഭയത്തോടെയാണ് കുട്ടി ഇരുന്നതെങ്കിലും, അടപ്പ് വിരലിൽ നിന്നും വേർപെടുത്തിയതോടെ കുഞ്ഞു മുഹമ്മദ് ഇൻസാഫ് ഫയർ ഫോഴ്സ് മാമൻമാർക്കെല്ലാം സന്തോഷത്തോടെ ‘റ്റാറ്റാ’ പറഞ്ഞാണ് സ്റ്റേഷനിൽ നിന്നും മടങ്ങിയത്.അതേസമയം, കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു. ചെറിയ കുട്ടികൾ കൈകളിൽ സ്റ്റീൽ മോതിരങ്ങൾ, നട്ടുകൾ, കുപ്പിയുടെ അടപ്പുകൾ എന്നിവയിട്ടും, തലയിൽ വലിയ പാത്രങ്ങൾ കുടുങ്ങിയ നിലയിലും ഫയർ സ്റ്റേഷനുകളിൽ വരുന്നത് ഇപ്പോൾ നിത്യസംഭവങ്ങളായി മാറുകയാണെന്നും, ഇത്തരം വികൃതികൾ പലപ്പോഴും വലിയ അപകടങ്ങളിലേക്ക് നയിക്കാമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

Exit mobile version