ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ ഓഫീസുകളിലെ അഴിമതി തടയുന്നതിനായി സർക്കാർ കർശന നടപടികളുമായി രംഗത്ത്. പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനായി ഒരു വാട്സ്ആപ്പ് നമ്പർ സർക്കാർ പുറത്തിറക്കി. അഴിമതി സംബന്ധിച്ച പരാതികൾ 9498180936 എന്ന നമ്പറിലൂടെ വിജിലൻസിനെ അറിയിക്കാം.
‘കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്’ എന്ന സന്ദേശം തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും വ്യക്തമായി പ്രദർശിപ്പിക്കണം. നോട്ടീസ് ബോർഡുകളിൽ വിജിലൻസ് ആൻ്റ് കറപ്ഷൻ ഡയറക്ടറേറ്റിന്റെ മേൽവിലാസം, വാട്സ്ആപ്പ് നമ്പർ, ഫാക്സ് നമ്പർ, ഇമെയിൽ വിലാസം എന്നിവ ഉൾപ്പെടുത്തണം.
സർക്കാർ ഓഫീസുകളിൽ ഈ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ജില്ലാ കളക്ടറേറ്റുകളിലെ പരിശോധനാ വിഭാഗം ഉറപ്പുവരുത്തണമെന്നും, തുടർന്ന് മാനവവിഭവശേഷി വകുപ്പിനെ അറിയിക്കണമെന്നും ചീഫ് സെക്രട്ടറി സർക്കുലറിൽ നിർദേശിച്ചു. പരാതിക്കാരന്റെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്ന് വിജിലൻസ് വ്യക്തമാക്കി.
മുൻ സർക്കാരുകളുടെ കാലത്തും ഇത്തരം നിർദേശങ്ങൾ ഉണ്ടായിരുന്നെങ്കിലും പലയിടത്തും നടപ്പാക്കിയിരുന്നില്ല. ഈ പോരായ്മ ചൂണ്ടിക്കാണിക്കപ്പെട്ടതിനെ തുടർന്നാണ് വിജയ് സർക്കാർ വീണ്ടും കർശന നടപടി സ്വീകരിച്ചത്. അഴിമതിക്കെതിരെ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ഈ പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.
