Site icon Fourteen Kerala – 14 Kerala News

ബിജെപി ഫണ്ട് തട്ടിപ്പ്; മൂന്നേകാൽ ലക്ഷത്തിന്റെ വ്യാജ ബില്ലുകൾ പുറത്ത്

തിരുവനന്തപുരം: ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് ഫണ്ടിൽ വൻ ക്രമക്കേട് നടന്നതായി റിപ്പോർട്ട്. വട്ടിയൂർക്കാവ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടിതോരണങ്ങൾ വാങ്ങിയെന്ന പേരിൽ മൂന്നേകാൽ ലക്ഷം രൂപയുടെ വ്യാജ ബില്ല് സമർപ്പിച്ചതായാണ് തെളിവുകൾ പുറത്തുവന്നിരിക്കുന്നത്.

എന്നാൽ, ഈ ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്ന ജിഎസ്ടി നമ്പർ പരിശോധിച്ചപ്പോൾ അത് കൊടിതോരണങ്ങൾ വിൽക്കുന്ന കടയുടേതല്ലെന്നും, ഒരു പലചരക്കുകടയുടെ ജിഎസ്ടി നമ്പറാണെന്നും കണ്ടെത്തുകയായിരുന്നു.

കേന്ദ്ര നേതൃത്വം നൽകിയ കൊടികൾക്ക് പുറമെ ഇവിടെയും കൊടി വാങ്ങി എന്ന് വ്യാജ കണക്കുണ്ടാക്കി ഏകദേശം ഒന്നര കോടി രൂപ വകമാറ്റി തട്ടിപ്പ് നടത്തി എന്നായിരുന്നു ഉയർന്ന പരാതി. ബിജെപി ട്രഷറർ തന്നെയാണ് ഈ പരാതി കേന്ദ്ര നേതൃത്വത്തിന് നൽകിയത്. തുടന്ന് കേന്ദ്ര ഓഡിറ്റ് സംഘം നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് പുറത്തുവന്നത്.

കൊടിതോരണങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന അഞ്ജന രഞ്ജിത്തിനെതിരെ നേരത്തെ പാർട്ടി നടപടിയെടുക്കുകയും തൽസ്ഥാനത്തുനിന്ന് മാറ്റിനിർത്തുകയും ചെയ്തിരുന്നു.
തട്ടിപ്പ് നടന്നിട്ടില്ലെന്നും എടുത്ത നടപടികൾ പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷൻ നേരത്തെ ഒഴിഞ്ഞുമാറാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഈ വ്യാജ ബില്ലിന്റെ പകർപ്പ് പുറത്തുവന്നതോടെ തട്ടിപ്പ് കൂടുതൽ വ്യക്തമായിരിക്കുകയാണ്.

Exit mobile version