Site icon Fourteen Kerala – 14 Kerala News

പോക്സോ കേസ് പ്രതി ഇരയെയും സ്വന്തം കുടുംബത്തെയും ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തി

ഹൈദരാബാദ്: അതിക്രൂര കൊലപാതകം …. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ പോക്‌സോ കേസ് പ്രതി ആറുപേരുടെ കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ 35കാരനാണ് താൻ മുൻപ് പീഡനക്കേസിൽ പ്രതിയാക്കിയ പെൺകുട്ടിയുടെ കുടുംബത്തെയും സ്വന്തം കുടുംബത്തെയും അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇരയേയും കുടുംബത്തെയും കൊലപ്പെടുത്തിയശേഷം സ്വന്തം ഭാര്യയേയും മക്കളെയും പ്രതി കൊലപ്പെടുത്തുകയായിരുന്നു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഷാബാദ് ടൗണിലെ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി, പെൺകുട്ടിയുടെ അമ്മയെയും മുത്തശ്ശിയെയും കുത്തിക്കൊലപ്പെടുത്തി. ശേഷം 16-കാരിയായ പെൺകുട്ടിയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി തടാകക്കരയിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന പെൺകുട്ടിയുടെ മാനസിക വെല്ലുവിളി നേരിടുന്ന സഹോദരിയെ ഇയാൾ ഉപദ്രവിച്ചില്ല.

ഈ കൊലപാതകങ്ങൾക്ക് ശേഷം സ്വന്തം വീട്ടിലെത്തിയ പ്രതി, വെറും ആറ് മിനിറ്റിനുള്ളിൽ തന്റെ ഭാര്യയെയും നാല് വയസ്സും 18 മാസവും പ്രായമുള്ള രണ്ട് ആൺമക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി. കൃത്യത്തിന് ശേഷം സ്വന്തം പിതാവിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ അറിയിച്ച പ്രതി കാറിൽ രക്ഷപ്പെട്ടു. പിതാവിന്റെ പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായി അന്വേഷ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. 2026 മെയ് മാസത്തിൽ പെൺകുട്ടിയെ ശല്യം ചെയ്ത സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് പ്രതി ഒളിവിലായിരുന്നു. പിന്നീട് ജൂൺ മാസത്തിൽ ഷാബാദിലെ പ്രാദേശിക കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ പ്രതി, കോടതിയുടെ നിർദ്ദേശപ്രകാരം വ്യക്തിഗത ബോണ്ടിൽ ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.ശേഷം ഗ്രാമത്തിൽ തിരിച്ചെത്തിയാണ് പ്രതി കൊലപാതകം നടത്തിയത്. എന്നാൽ, പെൺകുട്ടിയുടെ കുടുംബത്തെയും സ്വന്തം കുടുംബത്തെയും ഇയാൾ എന്തുകൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലായെന്ന് ഹൈദരാബാദ് സിറ്റി കമീഷണർ തരുൺ ജോഷി പറഞ്ഞു.

Exit mobile version