Site icon Fourteen Kerala – 14 Kerala News

മരണവീട്ടിൽനിന്നുള്ള മടക്കം ദുരന്തമായി; തിരുപ്പൂരിൽ വാഹനാപകടത്തില്‍ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറു പേർക്ക് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം

കോയമ്പത്തൂർ: തിരുപ്പൂര്‍ ജില്ലയിലെ ഉതുക്കുളിക്ക് സമീപം വാഹനാപകടത്തില്‍ ആറു മരണം. രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറു പേരാണ് അപകടത്തില്‍ മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സേലം സാമിനാഥപുരം സ്വദേശിയായ എസ് ഈശ്വരന്‍ (55), ഭാര്യ തിരുമകള്‍ (50), മരുമകന്‍ കോളേജ് ഫാക്കല്‍റ്റി അംഗമായ എം മുകിലന്‍ (35), മുകിലന്റെ മൂന്ന് വയസ്സുള്ള മകന്‍ ശ്രീനിത്ത്, ഒമ്പത് മാസം പ്രായമുള്ള മകന്‍ കനീഷ്, ഈശ്വരന്റെ ബന്ധു ജെ ശിവഗാമി (65) എന്നിവരാണ് മരിച്ചത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുകിലന്റെ ഭാര്യ ഹേമ (31) തിരുപ്പൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ച കാര്‍ ഡീസല്‍ ടാങ്കര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഒരു മരണവീട്ടിലെ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിവരുമ്പോഴായിരുന്നു അപകടം. ഈശ്വരനാണ് കാര്‍ ഓടിച്ചിരുന്നത്. ഉതുക്കുളിക്ക് സമീപം എതിര്‍ദിശയില്‍ നിന്നുംവന്ന ഡീസല്‍ ടാങ്കര്‍ ട്രക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.ഉതുക്കുളി പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി തിരുപ്പൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒളിവില്‍ പോയ ട്രക്ക് ഡ്രൈവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version