ഇടുക്കി: വനംവകുപ്പ് പിടിച്ചെടുത്ത ജെസിബി അഞ്ച് വർഷം കഴിഞ്ഞിട്ടും വിട്ടുനൽകാത്തതിൽ പ്രതിഷേധിച്ച് വനംവകുപ്പ് ഓഫീസിന് മുന്നിൽ ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി.
കഞ്ഞിക്കുഴി സ്വദേശി അജീഷാണ് ദേഹത്ത് പെട്രോളൊഴിച്ച് വനംവകുപ്പ് ഓഫീസിലെ ജെസിബിക്കുള്ളിൽ കയറിയിരുന്ന് പ്രതിഷേധിക്കുന്നത്. സംഭവസ്ഥലത്ത് ഫയർഫോഴ്സ് എത്തിയിട്ടുണ്ടെങ്കിലും ആത്മഹത്യാ ഭീഷണി തുടങ്ങി രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥരാരും സ്ഥലത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.
2020-ൽ കഞ്ഞിക്കുഴിയിൽ വീടിന്റെ തറ ഒരുക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന മൂന്ന് പാഴ്മരങ്ങൾ പിഴുതുമാറ്റിയതിനാണ് അന്നത്തെ നഗരംപറ ഡെപ്യൂട്ടി റേഞ്ചർ സന്തോഷ് അജീഷിന്റെ ജെസിബി കസ്റ്റഡിയിലെടുത്തത്.അന്ന് 500 രൂപ പിഴ ചുമത്തുകയും രണ്ടുദിവസത്തിനകം വാഹനം വിട്ടുനൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് മാറ്റുകയുമായിരുന്നു. എന്നാൽ 2021-ൽ വാഹനം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ അഞ്ച് വർഷമായി വാഹനത്തിനായി ഓഫീസുകൾ കയറിയിറങ്ങിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അജീഷ് പറയുന്നു. ഇപ്പോഴും ഈ വാഹനത്തിന്റെ ഫിനാൻസ് തുക (സിസി) താൻ അടയ്ക്കുന്നുണ്ടെന്നും തന്റെ അധ്വാനമാണ് ഇവിടെ കിടന്ന് നശിക്കുന്നതെന്നും യുവാവ് വ്യക്തമാക്കി.
