Site icon Fourteen Kerala – 14 Kerala News

മരണപ്പാച്ചിലായി ആ യാത്ര; കർണാടകയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം

ബംഗളൂരു: കർണാടകയിലെ ഉത്തര കന്നഡയിലുണ്ടായ ദാരുണമായ റോഡപകടത്തിൽ ഏഴ് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഉത്തര കന്നഡയിലെ യെല്ലാപ്പൂർ താലൂക്കിലുള്ള അരബൈൽ ഘട്ടിൽ ദേശീയപാത 52-ൽ ഇന്ന് പുലർച്ചെ 1.30-ഓടെയായിരുന്നു അപകടം. എം.യു.വി കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ധാർവാഡ് സ്വദേശികളായ അക്ഷയ് (26), അഭിഷേക് ഈശ്വർ (28), അഭിഷേക് (27), ബസപ്പ (38), മഞ്ജുനാഥ് (33), സഞ്ജീവ് (33) എന്നിവരും ചികിത്സയിലായിരുന്ന മറ്റൊരാളുമാണ് മരണപ്പെട്ടത്.

ധാർവാഡിൽ നിന്ന് ധർമസ്ഥല, ചിക്മംഗ്ലൂർ എന്നിവിടങ്ങളിലേക്ക് യാത്ര പോയവരായിരുന്നു കാറിലുണ്ടായിരുന്നത്. കാർ ഓടിച്ചിരുന്ന സഞ്ജീവ് അമിതവേഗതയിലും അലക്ഷ്യമായുമാണ് വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.അങ്കോളയിൽ നിന്ന് വരികയായിരുന്ന ട്രക്കിന്റെ വലതുവശത്തേക്ക് അമിതവേഗതയിലെത്തിയ കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.

തുടർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version