Site icon Fourteen Kerala – 14 Kerala News

നിയമസഭയിലെ വാചകമടിയല്ല ഭരണം’ ; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുഹമ്മദ് റിയാസ് രം​ഗത്ത്

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത വിമർശനവുമായി സിപിഎം നേതാവും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസ് രംഗത്ത്. ദുരന്ത സമയത്ത് ഉണ്ടാകേണ്ട പ്രതികരണമല്ല മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും, എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകുന്നതിന് പകരം അദ്ദേഹം ഭിന്നിപ്പുണ്ടാക്കുകയാണെന്നും റിയാസ് ആരോപിച്ചു.

നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നതെന്ന് ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കള്ളാടി ദുരന്തവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പിന്നീട് വ്യക്തമാക്കുമെന്നും, വിഷയത്തിൽ മന്ത്രിമാർക്ക് ഭിന്നസ്വരമാണുള്ളതെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. ഓരോ മന്ത്രിമാരും തോന്നിയതുപോലെയാണ് സംസാരിക്കുന്നത്. ഭരണത്തിൽ ഒരു കൂട്ടായ നേതൃത്വമില്ലെന്നും റിയാസ് കുറ്റപ്പെടുത്തി.

അതേസമയം, മുഖ്യമന്ത്രിക്ക് മറുപടിയുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും രംഗത്തെത്തി. വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ ഓരോ മലയാളിക്കും താല്പര്യമുണ്ടെന്നും, കേരളത്തിന്റെ പൊതുമുതൽ സംരക്ഷിക്കാനുള്ള ജാഗ്രതയാണ് തങ്ങൾ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അസഹിഷ്ണുത കാണിച്ചാൽ മുഖ്യമന്ത്രിയോട് തിരിച്ചും ചോദ്യങ്ങളുണ്ടാകും. ചോദ്യം ചോദിക്കുമ്പോൾ പൊതുപ്രവർത്തകരെ വിരട്ടി നിർത്താൻ നോക്കരുത്. ചോദ്യങ്ങൾ ഉയരുമ്പോഴുള്ള അസ്വസ്ഥത കാണുമ്പോൾ മുഖ്യമന്ത്രി പ്രതിരോധത്തിലാണെന്ന് വ്യക്തമാകുകയാണെന്നും ഇനിയും ചോദ്യങ്ങൾ ഉയരുമെന്നും രാഗേഷ് പറഞ്ഞു.

Exit mobile version