പാലക്കാട് : കോടതിയുടെ സംരംക്ഷണ ഉത്തരവ് ലംഘിച്ച് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ഉപദ്രവിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കോങ്ങാട് മണിക്കശ്ശേരി മണികണ്ഠ പ്രസാദാണ് (41) കോങ്ങാട് പൊലീസിന്റെ പിടിയിലായത്.
ജൂലൈ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമാണ് കേസ്. മദ്യപിച്ച് മർദിക്കുന്നുവെന്ന് കാണിച്ച് മണികണ്ഠ പ്രസാദിനെതിരെ ഭാര്യ മുണ്ടൂർ കാഞ്ഞിക്കുളം ശ്രുതി (35) നൽകിയ പരാതിയിൽ കോങ്ങാട് പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
കോങ്ങാട് സബ് ഇൻസ്പെക്ടർ എം.എസ്. സത്യജിത്ത്, എ.എസ്.ഐമാരായ ജെയിംസ് ജോൺ, സി.വി. ഷീബ, സീനിയർ സിവിൽ പൊലീസ് ഓഫിസർ റിയാസുദ്ദീൻ, സിവിൽ പൊലീസ് ഓഫിസർ കെ. പ്രവീൺ എന്നിവർ അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
