Site icon Fourteen Kerala – 14 Kerala News

പ്രിയദർശിനി പദ്ധതി: സമരമുഖം തുറന്ന് ബസ്സുടമകൾ

കോഴിക്കോട് : കെ.എസ്.ആർ.ടി.സി.യിലെ പ്രിയദർശിനി സ്ത്രീ സൗജന്യയാത്രയെത്തുടർന്നുണ്ടായ സാമ്പത്തികനഷ്ടത്തിൽ പ്രതിഷേധിച്ച് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച സ്വകാര്യ ബസ്സുടമകൾ ഏകദിന നിരാഹാരസമരവും കളക്ടറേറ്റ് മാർച്ചും നടത്തി.

സൗജന്യയാത്ര പ്രാബല്യത്തിൽ വന്നതിനെത്തുടർന്ന് യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെന്നും ബസ്സുടമകളും തൊഴിലാളികളും ഒരു പോലെ പ്രതിസന്ധിയിലാണെന്നും സമരക്കാർ അറിയിച്ചു. സ്വകാര്യമേഖലയെ സംരക്ഷിക്കുന്നതിനായി പ്രത്യേക പാക്കേജ്, സാമ്പത്തിക നഷ്ടപരിഹാരം എന്നിവ പ്രഖ്യാപിച്ച് പൊതുഗതാഗത രംഗത്ത് സ്വകാര്യ ബസുകൾക്ക് തുല്യനീതി ഉറപ്പാക്കണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു.

സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഉദ്ഘാടനംചെയ്തു. സംഘടനയുടെ ജില്ലാപ്രസിഡന്റ് കെ.ടി. വാസുദേവൻ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ ടി.കെ. ബീരാൻകോയ, ടി.വി. ഉണ്ണികൃഷ്ണൻ, ശിവപ്രസാദ്, സലിം മടവൂർ, സലിം രാമനാട്ടുകര, ബിജു പൂതംകണ്ടി തുടങ്ങിയവരും വിവിധ തൊഴിലാളി സംഘടനാപ്രതിനിധികളും പ്രസംഗിച്ചു.

Exit mobile version