Site icon Fourteen Kerala – 14 Kerala News

ആരോപണം കടുപ്പിച്ച് പ്രതിപക്ഷം; വിഴിഞ്ഞത്തെ ഓഹരി വിൽപന വിശദമായ കൂടിയാലോചനകൾക്ക് ശേഷം മാത്രമെന്ന് സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഓഹരി വിൽപനയിൽ സർക്കാർ തീരുമാനം വിശദമായ കൂടിയാലോചനകൾക്ക് ശേഷം . നിയമവശങ്ങളും സർക്കാർ പരിശോധിക്കും. പ്രതിപക്ഷം ആരോപണം കടുപ്പിച്ചതോടെ സർക്കാർ പ്രതിരോധത്തിലാണ്.കരാറിന്‍റെ വ്യവസ്ഥകളിൽ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് അദാനി പോർട് വിശദീകരിക്കുന്നത്. അദാനിക്കെതിരെയുള്ള കോൺഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ നിലപാടും പ്രധാനമാണ് .

അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡിന്റെ (AVPPL) 49 ശതമാനം ഓഹരികൾ ആഗോള കപ്പൽചാൽ ഭീമനായ എംഎസ്‌സിക്ക് കൈമാറുന്നതിന് അനുമതി തേടി അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിന് ഔദ്യോഗികമായി അപേക്ഷ നൽകിയിരുന്നു.നിയമപരമായ ഓഹരി കൈമാറ്റത്തിനുള്ള ഈ അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫീസിനും വിസിൽ (VISL) മാനേജിങ് ഡയറക്ടർക്കുമാണ് സമർപ്പിച്ചിരിക്കുന്നത്. ഈ ഇടപാടിനെക്കുറിച്ച് സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെ (SEBI) ഔദ്യോഗികമായി അറിയിച്ചതായും അദാനി വ്യക്തമാക്കുന്നു.

തുറമുഖ നിർമാണക്കരാർ വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ ഓഹരി ഘടനയിൽ മാറ്റം വരുത്താൻ സാധിക്കൂ എന്നതിനാൽ, ഇനി ഇതിന്മേൽ സംസ്ഥാന സർക്കാരിനാണ് അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം. വിദേശ നിക്ഷേപത്തിന് തത്വത്തിൽ അനുമതി നൽകിയാലും സംസ്ഥാനത്തിന്റെ താത്പര്യങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിനായി കരാറിനുള്ളിൽ നിന്നുകൊണ്ട് കർശന വ്യവസ്ഥകൾ മുന്നോട്ടുവെക്കാൻ സർക്കാരിന് സാധിക്കും.

കേരളത്തിന്റെ വികസന ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപത്തിനാണ് വിഴിഞ്ഞം തുറമുഖം വഴി ഇപ്പോൾ വഴിയൊരുങ്ങുന്നത്. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ടെർമിനൽ ഓപ്പറേറ്റർമാരിലൊന്നായ എംഎസ്‌സിയുടെ തുറമുഖ ഓപ്പറേറ്റിങ് വിഭാഗമായ ‘ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ്’ ആണ് വിഴിഞ്ഞത്ത് നിക്ഷേപം നടത്താൻ ഒരുങ്ങുന്നത്. ടിഐഎല്ലിന്റെ ഉപസ്ഥാപനമായ ‘മുൻഡി ലിമിറ്റഡ്’ വഴിയാണ് ഓഹരി ഏറ്റെടുക്കൽ പ്രക്രിയ നടക്കുക. 13,000 കോടി രൂപയുടെ ഈ നിക്ഷേപത്തിലൂടെ വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനമാണ് ലക്ഷ്യമിടുന്നത്.

Exit mobile version