ഓമശ്ശേരി : പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ തട്ടി ഷോക്കേറ്റ് അഞ്ച് കുറുനരികൾ ചത്തു. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ പതിനൊന്നാംവാർഡിൽ കൈവേലിമുക്ക് കാപ്പാടാണ് സംഭവം. കൂട്ടത്തോടെ എത്തിയ കുറുനരികൾ, പൊട്ടിയ വൈദ്യുതക്കമ്പിവീണ വെള്ളക്കെട്ടിൽ ഇറങ്ങവേ ഷോക്കേൽക്കുകയായിരുന്നു. മദ്രസവിദ്യാർഥികളടക്കം ഒട്ടേറെ ആളുകൾ നടന്നുപോകുന്ന റോഡിലാണ് വൈദ്യുതക്കമ്പി പൊട്ടിവീണത്. പ്രദേശത്തുകാരനായ റയീസിന്റെ സമയോചിത ഇടപെടൽമൂലമാണ് ആളപായസാധ്യതയുള്ള ദുരന്തം ഒഴിവായത്. പുലർച്ചെ അഞ്ചരയോടെ സംഭവസ്ഥലത്തെത്തിയ ഇയാൾ വിവരമറിയിച്ചതിനെത്തുടർന്ന് സംഭവസ്ഥലത്തെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാർ പ്രദേശത്തെ വൈദ്യുതബന്ധം വിച്ഛേദിച്ചു.
സമീപത്തെ പ്ലാവിൽനിന്ന് ചക്കവീണാണ് വെദ്യുതക്കമ്പി പൊട്ടിയതെന്ന് നാട്ടുകാർ ആരോപിച്ചു. ലൈനുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റാനും കാലപ്പഴക്കംചെന്ന കമ്പികൾ മാറ്റിസ്ഥാപിക്കാനും അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവമറിഞ്ഞ് കെ.എസ്.ഇ.ബി., വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി.
