Site icon Fourteen Kerala – 14 Kerala News

പേരാമ്പ്ര വെള്ളിയൂരിൽ വാഹനപകടം; പികപ്പ് വാനും ഗുഡ്സ് വാനും കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരിക്ക്

കോഴിക്കോട് : പേരാമ്പ്ര വെള്ളിയൂരിൽ വാഹനപകടം രണ്ട് പേർക്ക് പരിക്ക്. പികപ്പ് വാനും ഗുഡ്സ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . രണ്ട് വാഹനത്തിലെയും ഡ്രൈവർമാർക്ക് പരിക്കേറ്റിട്ടുണ്ട് .

വയനാട് സ്വദേശിയായ ഷിജു (28) വിനും ഗുഡ്സ് വാഹനത്തിലെ ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.വയനാട്ടിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കെഎൽ 14 എബി 2824 എന്ന രജിസ്ട്രേഷനിലുള്ള ലോറിയും, നേരെ വിപരീതദിശയിൽ പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന കെഎൽ 57 യു 1654 എന്ന രജിസ്ട്രേഷൻ ഉള്ള ഗുഡ്സ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

വെള്ളിയൂർ ഇറക്കം ഇറങ്ങിയപ്പോൾ വണ്ടി പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ എതിർവശത്തേക്ക് തിരിഞ്ഞുപോവുകയും പിന്നാലെ വാനിൽ ഇടിക്കുകയുമായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തിന് പിന്നാലെ നാട്ടുകാരും യാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. വാനിനുള്ളിൽ കുടുങ്ങിപ്പോയ ഷിജുവിനെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. സാരമായ പരിക്കേറ്റ ഷിജുവിനെയും, നേരിയ പരിക്കുകളോടെ രക്ഷപ്പെട്ട മറ്റ് വ്യക്തികളെയും മൊടക്കല്ലൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെത്തുടർന്ന് വാഹനങ്ങൾ റോഡിന് നടുവിൽ തടസ്സമായി നിന്നതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. തുടർന്ന് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തുകയും, ക്രെയ്ൻ എത്തിച്ച് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റിയതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പോലീസ് സംഭവസ്ഥലത്തെത്തി നിയമനടപടികൾ സ്വീകരിച്ചു.

Exit mobile version