കാബുൾ : കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണങ്ങളിൽ വൻ നാശനഷ്ടം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 36 പൗരന്മാർ കൊല്ലപ്പെട്ടതായും നൂറ്റിഅറുപതോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിർത്തി മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളും സംഘർഷങ്ങളും കൂടുതൽ വഷളാകുന്നതിന്റെ സൂചനയാണ് പുതിയ ആക്രമണം.
പൗന്മാരെയാണ് പാകിസ്ഥാൻ ലക്ഷ്യമിട്ടതെന്ന് ആരോപിച്ച അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ ഈ ആക്രമണത്തെ “ഭീരുത്വം നിറഞ്ഞ അധിനിവേശം” എന്ന് അപലപിച്ചു. പക്തിയ പ്രവിശ്യയിലെ ചംകാനി ജില്ലയിലുള്ള മന്ദോഖൈൽ ഗ്രാമത്തിലാണ് ഏറ്റവും മാരകമായ ആക്രമണം നടന്നത്.
മന്ദോഖൈൽ പ്രദേശത്തെ ഒരു വീടിന് നേരെ പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ നേരെ ബോംബാക്രമണം നടത്തി. വയോധികനും ഒരു കുട്ടിയും കൊല്ലപ്പെടുകയും മറ്റ് കുടുംബാംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിനായി പ്രദേശവാസികൾ ഒത്തുകൂടിയ സമയത്ത് രണ്ടാം തവണയും ബോംബാക്രമണമുണ്ടായി. ഇതേത്തുടർന്ന് 28 ഗ്രാമീണർ കൊല്ലപ്പെടുകയും 158 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതേ പ്രവിശ്യയിലെ ഗിയാൻ ജില്ലയിലുള്ള വലൂസ്ത് ഗ്രാമത്തിൽ ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം ആറ് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. കുനാർ പ്രവിശ്യയിലെ ബരോലോ ഗ്രാമത്തിലുള്ള മറ്റൊരു വീടും തകർക്കപ്പെട്ടിട്ടുണ്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ ആക്രമണങ്ങളിൽ മൂന്ന് വീടുകൾ പൂർണമായും തകർന്നതായി ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ ഡെപ്യൂട്ടി വക്താവ് ഹംദുള്ള ഫിത്രത് അറിയിച്ചു.
പാകിസ്ഥാനിൽ തുടർച്ചയായുണ്ടാകുന്ന തീവ്രവാദി ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ സൈനിക നടപടി സ്വീകരിച്ചതെന്ന് പാക് വാർത്താവിനിമയ മന്ത്രി അതാവുള്ള തരാർ മറുപടി നൽകി. പാകിസ്ഥാൻ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ അഫ്ഗാൻ മണ്ണ് ഉപയോഗിക്കുന്നുണ്ടെന്ന് പാകിസ്ഥാൻ ആവർത്തിച്ച് കുറ്റപ്പെടുത്തുന്നുണ്ട്. എന്നാൽ താലിബാൻ ഭരണകൂടം ഈ ആരോപണം നിഷേധിച്ചു.
