Site icon Fourteen Kerala – 14 Kerala News

കുടുംബപ്രശ്നം പരിഹരിക്കാനെത്തി യുവതിയോട് അപമര്യാദയായി പെരുമാറി; കോഴിക്കോട് നടക്കാവ് സ്റ്റേഷനിലെ പോലീസുകാരനെതിരെ കേസ്

കോഴിക്കോട്: കുടുംബവഴക്ക് അന്വേഷിക്കാനെത്തിയതിനിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പോലീസുകാരനെതിരെ കേസ്. നടക്കാവ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ ആയിരുന്ന രഞ്ജിത്തിനെതിരെയാണ് നടക്കാവ് പോലീസ് കേസെടുത്തത്. നിലവിൽ കൺട്രോൾ റൂമിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥനാണ് ഇയാൾ. കഴിഞ്ഞ മെയ് 29-നായിരുന്നു സംഭവം.

നടക്കാവിലെ ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ദമ്പതികൾ തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് വിവരമറിഞ്ഞെത്തിയതായിരുന്നു രഞ്ജിത്തും എ.എസ്.ഐയും അടങ്ങുന്ന പോലീസ് സംഘം. ദമ്പതികൾ തമ്മിലുള്ള പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതിനിടെ, യുവതിയെ ആശ്വസിപ്പിക്കാനെന്ന വ്യാജേന രഞ്ജിത്ത് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായസംഹിത (BNS) സെക്ഷൻ 75 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവസമയത്ത് നടക്കാവ് സ്റ്റേഷനിലായിരുന്ന ഉദ്യോഗസ്ഥനെ പിന്നീട് കൺട്രോൾ റൂമിലേക്ക് സ്ഥലംമാറ്റിയിരുന്നു. പോലീസ് ഉദ്യോഗസ്ഥനെതിരെ ഉയർന്ന ഗുരുതരമായ ആരോപണം പോലീസ് സേനയ്ക്ക് തന്നെ നാണക്കേടായിരിക്കുകയാണ്.

Exit mobile version