Site icon Fourteen Kerala – 14 Kerala News

വടകര കാഫിർ സ്ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്കറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കോഴിക്കോട്: വടകര കാഫിർ സ്ക്രീന്‍ഷോട്ട് കേസിലെ പ്രതി ഡി.വൈ.എഫ്.ഐ നേതാവ് ജിതിന്‍ ഭാസ്കറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. പൊലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് ജിതിന്‍ വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിൽ രണ്ടാമതും ജാമ്യത്തിന് അപേക്ഷ നൽകിയത്.

2024ലെ വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയെ ‘കാഫിർ’ എന്ന് വിശേഷിപ്പിച്ച് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് വോട്ട് അഭ്യർഥിക്കുന്ന വ്യാജ സ്ക്രീൻഷോട്ട് വലിയ വിവാദമായിരുന്നു. യു.ഡി.എഫ് സര്‍ക്കാർ അധികാരത്തിലേറി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിന് ശേഷമാണ് അന്വേഷണം ഊർജിതമാക്കിയത്.
ജിതിന്റെ മൊബൈൽ ഫോൺ റീസെറ്റ് ചെയ്തതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഫോൺ കൂടുതൽ വിവരശേഖരണത്തിനായി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ ഫലം കൂടി പുറത്തുവന്ന ശേഷമേ നിർണായക വിവരങ്ങൾ ലഭ്യമാകൂ.

വിവാദ സ്‌ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തത് ജിതിൻ ആണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. എന്നാൽ ഇത് നിർമിച്ചത് ആരാണെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്. മുൻപ് ഡി.വൈ.എഫ്.ഐ നേതാവ് റിബേഷിലേക്ക് അന്വേഷണം നീങ്ങിയിരുന്നെങ്കിലും ഉറവിടം കണ്ടെത്തിയിരുന്നില്ല.
എം.എസ്.എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിമിന്റെ പേരിലാണ് ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. എന്നാൽ കാസിമിന്റെ പരാതിയിൽ ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ, അദ്ദേഹത്തിന് ഇതിൽ യാതൊരു പങ്കില്ലെന്നും വർഗീയ ലക്ഷ്യത്തോടെ ചമച്ച ഈ വ്യാജരേഖ ചില പ്രമുഖ ഇടത് സൈബർ പേജുകളിലൂടെയാണ് ആദ്യം പൊതുവിടത്തിലേക്ക് എത്തിയതെന്നും പൊലീസ് കണ്ടെത്തി.

കേസിൽ സിപിഎം-ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ ജിതിൻ ഭാസ്കറിനെ കലാപശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ‘വടകര സ്ക്വാഡ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ സ്ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് ഗ്രൂപ്പ് അഡ്മിൻ കൂടിയായ ജിതിൻ ആണെന്ന് കണ്ടെത്തിയിരുന്നു.

ഇതിന് പുറമെ സ്ക്രീൻഷോട്ട് പങ്കുവെച്ച മുൻ എംഎൽഎ കെ.കെ. ലതിക അടക്കമുള്ള സി.പി.എം നേതാക്കളെയും മറ്റ് ഗ്രൂപ്പുകളിലേക്ക് ഇത് ഫോർവേഡ് ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരെയും പൊലീസ് ചോദ്യം ചെയ്തെങ്കിലും, ഈ വ്യാജരേഖ ആദ്യം ഡിസൈൻ ചെയ്തതെന്ന് കണ്ടെത്താനായിട്ടില്ല. എന്നാൽ ജാമ്യം നൽകിയാൽ പ്രതി തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷൻ വാദം.

Exit mobile version