Site icon Fourteen Kerala – 14 Kerala News

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ

കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡി വൈ എഫ് ഐ നേതാവ് അറസ്റ്റിൽ . വടകര ബ്ലോക്ക് കമ്മിറ്റി അംഗം ജിതിൻ ഭാസ്കരെയാണ് അറസ്റ്റ് ചെയ്തത് . ജിതിൻ ഭാസ്കരെ നേരത്തെ എസ്ഐടി ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു , എന്നാൽ ജിതിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും തൊട്ട് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു . കാഫിർ സ്ക്രീൻഷോട്ട് കേസിലെ ആദ്യ അറസ്റ്റാണിത്. ‘വടകര സ്ക്വാഡ്’ വാട്സ്ആപ്പ് ഗ്രൂപ്പിൻ്റെ അഡ്മിൻ കൂടിയാണ് ജിതിൻ. ജിതിൻ ഭാസ്കർ തന്നെയായിരിക്കും സ്ക്രീൻഷോട്ട് നിർമിച്ചതെന്നാണ് പ്രാഥമിക വിവരം. നേരത്തെ ജിതിൻ ഭാസ്കറിൻ്റെ ഫോൺ പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു.

‘വടകര സ്ക്വാഡ്’ വാട്സ്ആപ്പ് ഗ്രൂപ്പിൻ്റെ അഞ്ച് അഡ്‌മിൻമാരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു . വ്യാജ സ്‌ക്രീൻഷോട്ട് ആദ്യം വന്നത് വടകര സ്‌ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പിലാണെന്നാണ് പൊലീസ് കരുതുന്നത്. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കാഫിർ സ്‌ക്രീൻഷോട്ട് ലഭിച്ചതും വടകര സ്‌ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നായിരുന്നു. ഈ ഗ്രൂപ്പ്‌ തന്നെയാണ് വ്യാജ സ്‌ക്രീൻഷോട്ടിൻ്റെ പ്രഭവ കേന്ദ്രമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിഗമനം.

അതേസമയം തെരഞ്ഞെടുപ്പിൻ്റെ തൊട്ടുമുൻപാണ് വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാധ്യമ ഇടപെടലിനാണ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നത്. വടകര ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ വരുന്ന ഡിവൈഎഫ്ഐ നേതാക്കളും വടകര മണ്ഡലം കമ്മിറ്റിക്ക് കീഴിൽ വരുന്ന സിപിഎം നേതാക്കളുമാണ് ഗ്രൂപ്പിൽ ഉണ്ടായിരുന്നതെന്ന് എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പാറക്കൽ അബ്ദുല്ല എംഎൽഎ കത്ത് നൽകിയിരുന്നു.

ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ ഉൾപ്പെടെയുള്ളവരുടെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു . കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പാറയ്ക്കൽ അബ്ദുല്ല കത്തിൽ ആവശ്യപ്പെട്ടിരുന്നു .
വിഷയത്തിന്റെ ഗൗരവം പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ട്, കേസിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും പാറയ്ക്കൽ അബ്ദുല്ല ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അറിയിച്ചിരുന്നു.

Exit mobile version