Site icon Fourteen Kerala – 14 Kerala News

എബോള വൈറസ്; സംസ്ഥാനത്ത് ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

ആഫ്രിക്കൻ രാജ്യങ്ങളിലെ എബോള വൈറസ് വ്യാപനത്തെ തുടർന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടിയെന്നോണം ജാഗ്രത പാലിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ്.

എബോള പ്രതിരോധ മാർഗനിർദേശം പുറത്തിറക്കാൻ ആരോഗ്യമന്ത്രി കെ മുരളീധരന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ഉന്നത തലയോഗം തീരുമാനിച്ചു. വിമാനത്താവളങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും.രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് വരുന്നവരെ നിരീക്ഷിക്കും.

പനി, ക്ഷീണം, തലവേദന, പേശി വേദന രക്തസ്രാവം എന്നിവയാണ് രോഗലക്ഷണങ്ങൾ. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ രണ്ടു മുതൽ 21 ദിവസം വരെയാണ് ഇൻക്യുബേഷൻ പീരിയഡ്. രോഗലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യണം. വിമാനത്താവളങ്ങളിൽ ഐസൊലേഷൻ സംവിധാനം ഏർപ്പെടുത്തി.

അതേസമയം, എബോള വൈറസിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം മുൻകരുതൽ ശക്തമാക്കി. കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെ പ്രത്യേകം ശ്രദ്ധിക്കും. മറ്റ് വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് പനിയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ജാഗ്രതപാലിക്കണം എന്നുമാണ് നിർദേശം. ഇതിന് പുറമെ വിദേശയാത്രക്കാരെ തെർമ്മൽ സ്ക്യാനിംഗിന് നടത്താനും, വിഷ്വൽ ഇൻസ്പെക്ഷൻ എന്നിവയ്ക്ക് പുറമെ 21 ദിവസത്തെ ട്രാവൽഹിസ്റ്ററിയും പരിശോധിക്കും. കളമശ്ശേരി മെഡിക്കൽ കോളജ്, എറണാകുളം ജനറൽ ആശുപത്രി, ആലുവയിലെ ജില്ലാ ആശുപത്രിയിൽ എന്നിവിടങ്ങളിൽ ഐസൊലേഷൻ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

Exit mobile version