Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കോട്ടൂളിയിൽ സമയക്രമത്തെച്ചൊല്ലി തർക്കം; നടുറോഡിൽ ബസുകൾ കൂട്ടിയിടിപ്പിച്ചു

കോഴിക്കോട്: നഗരത്തിൽ സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് ജീവനക്കാർ നടുറോഡിൽ ബസുകൾ കൂട്ടിയിടിപ്പിച്ചു. കോഴിക്കോട് കോട്ടൂളിയിലാണ് യാത്രക്കാരുടെയും മറ്റ് വാഹനയാത്രികരുടെയും ജീവന് ഭീഷണിയുയർത്തിയ ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

മുക്കം-അരീക്കോട് ഭാഗത്തേക്ക് സർവീസ് നടത്തുന്ന ‘വടക്കേടൻ’ എന്ന ബസിലെ ജീവനക്കാരും മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകുന്ന ‘ഹസ്ബി’ ബസിലെ ജീവനക്കാരും തമ്മിലാണ് റോഡിൽ വെച്ച് പരസ്യമായ തർക്കമുണ്ടായത്.

കോട്ടൂളി സ്റ്റോപ്പിൽ ബസുകൾ എത്തിയപ്പോഴായിരുന്നു സംഭവം. ഹസ്ബി ബസ് മനഃപൂർവ്വം പിന്നോട്ടെടുത്ത് തൊട്ടുപിന്നിൽ നിർത്തിയിട്ടിരുന്ന വടക്കേടൻ ബസിലേക്ക് ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

ഈ സമയത്ത് ബസുകൾക്കിടയിൽ കുടുങ്ങിയ ഒരു ബൈക്ക് യാത്രക്കാരൻ അതിസാഹസികമായാണ് വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. റോഡിൽ വൻ അപകട ഭീഷണി ഉയർത്തിയിട്ടും സംഭവത്തിൽ ഇതുവരെ പോലീസ് കേസെടുക്കാൻ തയ്യാറായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.എന്നാൽ, നടുറോഡിൽ അക്രമസ്വഭാവത്തോടെ വണ്ടി ഓടിച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ച ബസ് ഡ്രൈവറുടെ ലൈസൻസ് അടിയന്തരമായി റദ്ദാക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

യാത്രക്കാരുടെ സുരക്ഷിതത്വം മുൻനിർത്തി ഇത്തരം ഗുണ്ടാവിളയാട്ടങ്ങൾക്കെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.

Exit mobile version