Site icon Fourteen Kerala – 14 Kerala News

കൈക്കൂലി കേസിൽ പോലീസ് ഉദ്യോഗസ്ഥന് ഏഴ് വർഷം കഠിനതടവ്; ശിക്ഷ വിധിച്ച് കൊല്ലം വിജിലൻസ് കോടതി

കൊല്ലം: കൈക്കൂലി കേസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ എ. താജുദ്ദീന് കൊല്ലം വിജിലൻസ് കോടതി ഏഴ് വർഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ചു. പത്തനംതിട്ട സ്റ്റേഷനിൽ ജോലി ചെയ്യവെ, ഒരു കേസിൽ പരാതിക്കാരന് അനുകൂലമായി റിപ്പോർട്ട് സമർപ്പിക്കാൻ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനാണ് ശിക്ഷ. ഇതിൽ ആദ്യ ഗഡുവായ പതിനായിരം രൂപ വാങ്ങുന്നതിനിടെ 2014-ൽ വിജിലൻസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.

നിലവിൽ തൃശ്ശൂർ മലക്കപ്പാറ സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഇയാൾക്കെതിരെ വിജിലൻസ് കോടതി ജഡ്ജി ഡോ. മോഹിത് സി.എസ് ആണ് വിധി പ്രസ്താവിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി. പത്തനംതിട്ട വിജിലൻസ് യൂണിറ്റിലെ മുൻ ഡിവൈഎസ്പി പി.ഡി. രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം പൂർത്തിയാക്കിയത്.

Exit mobile version