Site icon Fourteen Kerala – 14 Kerala News

പരപ്പൻപൊയിൽ-പുന്നശ്ശേരി റോഡിൽ പൊടിശല്യം രൂക്ഷം

നരിക്കുനി : രണ്ട് റീച്ചിലായി നവീകരണപ്രവൃത്തി ഇഴഞ്ഞുനീങ്ങുന്ന പരപ്പൻപൊയിൽ-പുന്നശ്ശേരി-കാരക്കുന്ന് റോഡിൽ പൊടിശല്യം രൂക്ഷമായിത്തുടരുന്നു. മാസങ്ങളായി തുടരുന്ന പണി വ്യക്തമായ പുരോഗതിയില്ലാതെ ഇഴഞ്ഞുനീങ്ങുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു.

പൊടിയടങ്ങാൻ പ്രവൃത്തിയെടുത്ത കരാറുകാരൻ റോഡിൽ വെള്ളംതളിക്കുന്നുണ്ടെങ്കിലും കനത്തചൂടിൽ പ്രതലം നനയാൻ പര്യാപ്തമാവുന്നില്ല. റോഡിനുസമീപത്തെ വ്യാപാരസ്ഥാപനങ്ങളും വീടുകളും പൊടിശല്യംമൂലം വലിയ ബുദ്ധിമുട്ട് നേരിടുകയാണ്. പ്രധാനമായും, റോഡിൽനിന്നുയരുന്ന കനത്തപൊടി ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി പരാതികളുയരുന്നു.

കുട്ടികൾക്കും മുതിർന്നവർക്കും ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ വർധിച്ചിരിക്കുകയാണ്. പൊതു ആവശ്യമായ റോഡ് നവീകരിക്കുന്നതിന് സ്വന്തം സ്ഥലം സൗജന്യമായി വിട്ടുനൽകിയവരാണ് പൊടിശല്യംമൂലം മാറിത്താമസിക്കാൻ ഇടംതേടുന്നത്. വയനാട് ദേശീയപാതയുമായും കാപ്പാട്-തുഷാരഗിരി-അടിവാരം സംസ്ഥാനപാതയുമായും ബന്ധിപ്പിക്കുന്ന റോഡിന് 10 കിലോമീറ്റർ ദൈർഘ്യമുണ്ട്.

Exit mobile version