Site icon Fourteen Kerala – 14 Kerala News

ബിന്ദു അമ്മിണിയെ ആക്രമിച്ച കേസ്; പ്രതി അറസ്റ്റില്‍, ബിന്ദുവാണ് ആക്രമിച്ചതെന്ന് ഭാര്യ

കോഴിക്കോട്: കോഴിക്കോട്ട് ബിന്ദു അമ്മിണിയെ ആക്രമിച്ച ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് അറസ്റ്റില്‍. കീഴടങ്ങാനിരിക്കെ വെള്ളയില്‍ വച്ച് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ബിന്ദുവിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തും. ബിന്ദു അമ്മിണിക്കെതിരെ മോഹന്‍ദാസ് പരാതി നല്‍കും. മോഹൻദാസിനെ ബിന്ദു അമ്മിണിയാണ് ആക്രമിച്ചതെന്നും ബിന്ദുവിനെതിരെ പരാതി നൽകുമെന്നും ഭാര്യ റീജ പറഞ്ഞു.

കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വച്ച് ഇന്നലെ വൈകിട്ടാണ് ബിന്ദു അമ്മിണിയെ മോഹൻദാസ് ആക്രമിച്ചത്. മൊബൈല്‍ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ സ്ത്രീത്വത്തിനെ അപമാനിച്ചതിനും കയ്യേറ്റം ചെയ്തതിനുമാണ് കേസ് എടുത്തിട്ടുളളത്. മോഹൻദാസ് മദ്യലഹരിയില്‍ ബിന്ദുവിനെ ആക്രമിച്ചതായാണ് പൊലിസിന്‍റെ നിഗമനം. സംഘർഷത്തിൽ ഇയാളുടെ കാലിനും പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾ പിന്നീട് വീട്ടിലേക്ക് മടങ്ങി. 

തന്നെ ആക്രമിച്ച മോഹന്‍ദാസ് ആർഎസ്എസ് പ്രവർത്തകനാണെന്നും തനിക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ തുടരുമ്പോഴും പൊലീസ് കാഴ്ചക്കാരവുകയാണെന്നുമാണ് ബിന്ദു അമ്മിണിയുടെ ആരോപണം. അതേസമയം നടുറോഡിൽ സ്ത്രീയെ കയ്യേറ്റം ചെയ്യുന്ന ക്രിമിനലിസം കേരളത്തിൽ വച്ച് പൊറുപ്പിക്കില്ലെന്നും പ്രതിക്കെതിരെ ഒരു ദാക്ഷിണ്യവുമുണ്ടാകില്ലെന്നും മന്ത്രി ആര്‍ ബിന്ദു ഫേസ് ബുക്കില്‍ കുറിച്ചു. 

Exit mobile version