Site icon Fourteen Kerala – 14 Kerala News

കനത്തമഴയിൽ സംസ്ഥാനപാതയിലെ ഇരുനിലക്കെട്ടിടം തകർന്നു

നാദാപുരം : കനത്തമഴയിൽ കല്ലാച്ചി നാദാപുരം സംസ്ഥാനപാതയിലെ ഇരുനിലക്കെട്ടിടം തകർന്നു. കസ്തൂരിക്കുളത്തെ ടി.സി. പാത്തൂട്ടിഹജ്ജുമ്മയുടെ ഉടമസ്ഥതയിലുള്ള രണ്ടുനിലക്കെട്ടിടമാണ് ഭാഗികമായി തകർന്നത്.
ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. കെട്ടിടത്തിന്റെ ഒരുഭാഗത്തെ ചുമർ അടർന്നുവീഴുകയായിരുന്നു. കെട്ടിടത്തിൽ സാധാരണ ജോലിക്കാർ താമസിക്കാറുണ്ട്. അവധിദിനമായതിനാൽ വീട്ടിലേക്കു പോയതായിരുന്നു. തിരക്കേറിയ സംസ്ഥാനപാതയിൽ കെട്ടിടം തകർന്നുവീണെങ്കിലും അപകടമൊന്നുമുണ്ടായില്ല. കെട്ടിടത്തിന്റെ ഷീറ്റ് വൈദ്യുതലൈനിനോടു തൊട്ട നിലയിലായിരുന്നു.

ചേലക്കാട്ടുനിന്ന്‌ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് ഇത് നീക്കിയത്. സംസ്ഥാനപാതയിലെ കെട്ടിടത്തിലെ അപകടാവസ്ഥ ഇപ്പോഴും പൂർണമായി മാറിയിട്ടില്ല. കല്ലാച്ചി ടൗണിലെ അപകടഭീഷണിയുള്ള കെട്ടിടങ്ങൾ ദുരന്തനിവാരണനിയമം ഉപയോഗിച്ച് പൊളിച്ചുമാറ്റുന്നതിനോ ഉടമകളെക്കൊണ്ട് ബലപ്പെടുത്തുന്നതിനോ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദുരന്തനിവാരണ ജില്ലാ ചെയർമാൻകൂടിയായ കളക്ടർക്ക് നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി നിവേദനം നൽകി.

കല്ലാച്ചി ടൗൺ വികസനത്തിന്റെ ഭാഗമായി പല കെട്ടിടങ്ങളും ഇതുവരെയും പൊളിച്ചുമാറ്റാനോ ബലപ്പെടുത്താനോ ഉള്ള ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഇത് പൊതുജനങ്ങൾക്ക് ഏറെ ഭീഷണിയുണ്ടാക്കുന്ന കാര്യമാണ്. ടൗണിലെ ഏറ്റവും തിരക്കേറിയ ഭാഗത്താണ് ഭൂരിഭാഗം കെട്ടിടങ്ങളുമുള്ളത്. ഈ സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി ഇടപെടണമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.

Exit mobile version